Connect with us

K M Basheer

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ഡിസംബര്‍ ഒന്നിന് കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്

ശ്രീറാമും വഫ നജീമും ഇന്നലെ കോടതിയില്‍ ഹാജരായില്ല. പ്രോസിക്യൂഷനും പ്രതിഭാഗവും കൂടുതല്‍ സമയം തേടി

Published

|

Last Updated

തിരുവനന്തപുരം | സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഡിസംബര്‍ ഒന്നിന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണ് ഉത്തരവ്. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫാ നജീമും ഇന്നലെ കോടതിയില്‍ ഹാജരായില്ല. പ്രോസിക്യൂഷനും പ്രതിഭാഗവും കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്നാണ് ജഡ്ജി മിനി എസ് ദാസ് ഡിസംബറിലേക്ക് കേസ് മാറ്റിയത്.

കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കമ്മിറ്റല്‍ കോടതിയായ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 2020 ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. സി ഡികള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയ ശേഷം കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുകയായിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തതിന് ശേഷം ഓഗസ്റ്റ് ഒന്‍പതിന് പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫക്കൊപ്പം വഫയുടെ വോക്സ് വാഗണ്‍ കാറില്‍ കവടിയാര്‍ ഭാഗത്തു നിന്നും അമിതവേഗതയില്‍ കാറോടിച്ച് മ്യൂസിയം പബ്ലിക്ക് ഓഫീസ് മുന്‍വശം റോഡില്‍ വച്ച് ബഷീറിനെ ബൈക്കിന്റെ പുറകുവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ പോലീസ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.

അപകടത്തിന് ശേഷം ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാതെ കിംസ് ആശുപത്രിയിലേക്ക് പോയതെന്നും പ്രാഥമിക ചികിത്സയുടെ ഭാഗമായി പോലും ശ്രീറാം രക്തം എടുക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയുന്നത് വരെ രക്തസാമ്പിള്‍ പരിശോധനക്ക് ഡോക്ടര്‍മാര്‍ക്ക് വഴങ്ങാതെ മണിക്കൂറുകള്‍ തള്ളി നീക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Latest