Kerala
കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
നരഹത്യാ കേസ് നിലനിൽക്കില്ലെന്ന ശ്രീറാമിന്റെ വാദം സുപ്രീം കോടതി തള്ളി.
തിരുവനന്തപുരം | സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കേസ് നിലനിൽക്കില്ലെന്ന ശ്രീറാമിന്റെ വാദം സുപ്രീം കോടതി തള്ളി. സാഹചര്യ തെളിവുകൾ അനുസരിച്ച് നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
നരഹത്യാ കേസ് റദ്ദാക്കാൻ ഇപ്പോൾ ഉചിതമായ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും കോടതി വിലയിരുത്തി. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടെയെന്നും കോടതി പറഞ്ഞു. വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും അതിനാല്‍ നരഹത്യാകുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. ഇത് പൂര്‍ണമായും കോടതി തള്ളി.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി അംഗീകരിച്ചാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്. നരഹത്യാ കേസില്‍ ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ എ എസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെടുന്നത്. മ്യൂസിയം സ്‌റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്പിലാണ് അപകടം നടന്നത്.
Updating…