Connect with us

Kerala

കെ എം ബഷീര്‍ കൊലപാതകം: സാക്ഷി വിസ്താരം ജനുവരി 14 ലേക്ക് മാറ്റി

കോടതി മാറ്റ ഹരജി ആറിന് പരിഗണിക്കും.

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ സാക്ഷി വിസ്താരം ജനുവരി 14 ലേക്ക് മാറ്റി. പ്രതി ശ്രീറാമിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളക്ക് ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ താഴത്തെ നിലയിലുള്ള അഡീഷനല്‍ ജില്ലാ കോടതിയിലേക്ക് മാറ്റം വേണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. ഹരജി അടുത്തമാസം ആറിന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജെ നസീറ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കേസിന്റെ നേരത്തെ തീരുമാനിച്ച സാക്ഷി വിസ്താര വിചാരണ നിര്‍ത്തിവെച്ചത്. നിലവില്‍ കേസ് പരിഗണിക്കുന്ന ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാറാണ് കേസ് പരിഗണിക്കാനായി ജനുവരി 14 ന് മാറ്റിയത്. സാക്ഷി സമന്‍സ് റദ്ദാക്കി സമന്‍സ് തിരികെ വിളിപ്പിച്ചു.

പ്രതിയുടെ ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതു വരെയാണ് സാക്ഷിവിസ്താരം മാറ്റിവെച്ചത്. സാക്ഷി സമന്‍സ് റദ്ദാക്കിയ കോടതി നേരത്തെ അയച്ച സമന്‍സുകള്‍ തിരികെ വിളിപ്പിച്ചിരുന്നു. നേരത്തെ ഡിസംബര്‍ രണ്ടിന് വിചാരണ തുടങ്ങാനാണ് കോടതി ഷെഡ്യൂള്‍ ചെയ്തിരുന്നത്.

ഡിസംബര്‍ രണ്ടു മുതല്‍ 18 വരെയായി 95 സാക്ഷികളെ വിസ്തരിക്കാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. ഇതുപ്രകാരം വിവിധ തീയതികളിലായി 95 സാക്ഷികള്‍ക്ക് ഹാജരാകാന്‍ സമന്‍സും നല്‍കിയിരുന്നു.

 

Latest