Kerala
കെ എം ഷാജി പ്രതിയായ കോഴക്കേസ്; സ്‌കൂള്‍ മാനേജരെ പ്രതി ചേര്‍ത്തു
സ്‌കൂള്‍ മുന്‍ മാനേജര്‍ പി വി പത്മനാഭനെയാണ് വിജിലന്‍സ് അന്വേഷണ വിഭാഗം പ്രതി ചേര്‍ത്തത്.
കണ്ണൂര്‍ | മുസ്ലിം ലീഗ് നേതാവും മുന്‍ അഴീക്കോട് എം എല്‍ എയുമായ കെ എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ് ടു സ്‌കൂള്‍ കോഴക്കേസില്‍ സ്‌കൂള്‍ മുന്‍ മാനേജരെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. സ്‌കൂള്‍ മുന്‍ മാനേജര്‍ പി വി പത്മനാഭനെയാണ് വിജിലന്‍സ് അന്വേഷണ വിഭാഗം പ്രതി ചേര്‍ത്തത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ കെ എം ഷാജി കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി തവണ ഇദ്ദേഹത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഷാജിയെ സംരക്ഷിക്കുന്ന രീതിയില്‍ മറുപടി നല്‍കിയ ഇദ്ദേഹത്തിനെതിരെ മൊഴി വൈരുധ്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേസില്‍ നിരവധി സാക്ഷികളും മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ഡി വൈ എസ് പി. ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് വിജിലന്‍സ് നല്‍കുന്നത്.
സി പി എം കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം കുടുവന്‍ പത്മനാഭന്റെ പരാതിയിലാണ് കോഴക്കേസില്‍ വിജിലന്‍സ് കേസെടുത്തത്. അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 2013 ല്‍ കെ എം ഷാജിക്ക് 25 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണവുമായി പ്രാദേശിക ലീഗ് നേതാവാണ് ആദ്യം രംഗത്ത് വന്നത്.
2013ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയോട് ശിപാര്‍ശ ചെയ്ത് കോഴ്സ് അനുവദിപ്പിക്കുന്നതിനായി സ്‌കൂള്‍ മാനേജ്മെന്റ് മുസ്ലിം ലീഗ് പൂതപ്പാറ ശാഖാ ഭാരവാഹികളെ സമീപിച്ചു. ശിപാര്‍ശ ചെയ്യാമെന്നും അനുവദിച്ചാല്‍ ഒരു പ്ലസ്ടു തസ്തികക്ക് വാങ്ങുന്ന തുകക്കു തുല്യമായ തുക ശാഖാ കമ്മിറ്റിയുടെ ഓഫീസ് കെട്ടിട നിര്‍മാണത്തിന് സംഭാവന നല്‍കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇത് സ്‌കൂള്‍ മാനേജ്മെന്റ് അംഗീകരിച്ചു. പ്ലസ്ടു ബാച്ച് അനുവദിച്ച ശേഷം പണത്തിനായി സമീപിച്ച ശാഖാ ഭാരവാഹികള്‍ക്ക് ഷാജി 25 ലക്ഷം കൈപ്പറ്റിയതായാണ് മറുപടി ലഭിച്ചത്. ലീഗ് അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിയില്‍ ഷാജിക്കെതിരെ ഇതുസംബന്ധിച്ച് പരാതിയുയര്‍ന്നെങ്കിലും മൂടിവെക്കുകയായിരുന്നു.