Connect with us

muslim league

വയനാട് മുസ്‌ലിം ലീഗിൽ കെ എം ഷാജി വിഭാഗത്തിന് തിരിച്ചടി

ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാൻ എല്ലാ അണിയറ നീക്കങ്ങളും ഷാജി വിഭാഗം ഒരുക്കിയിരുന്നു.

Published

|

Last Updated

കൽപ്പറ്റ | വയനാട് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പിടിക്കാനുള്ള മത്സരത്തിൽ കെ എം ഷാജി വിഭാഗത്തിന് തിരിച്ചടി. മത്സരം നടത്താൻ അനുവദിക്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ താക്കീതിനെ തുടർന്നുണ്ടായ സമവായത്തിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ ഔദ്യോഗിക വിഭാഗവും സി സമ്മുട്ടി വിഭാഗവും നേടിയെടുത്തു. കെ എം ഷാജി വിഭാഗത്തിന് ട്രഷറർ സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

വൈസ് പ്രസിഡന്റുമാരെല്ലാം ഔദ്യോഗിക വിഭാഗത്തിൽ നിന്നുള്ളവരാണ്. മെമ്പർഷിപ്പിൽ സ്ത്രീകളാണ് കൂടുതലെങ്കിലും ജില്ലാ ഭാരവാഹിത്വത്തിൽ ഒരു വനിത പോലുമില്ല. പാർട്ടിയുടെ യുവജന വിഭാഗത്തിനും പരിഗണന ലഭിച്ചില്ല. മണ്ഡലം കമ്മിറ്റികളിൽ മത്സരിച്ച് തോറ്റ രണ്ട് പേർ ജില്ലാ കമ്മിറ്റിയിലെത്തി. സംസ്ഥാന കൗൺസിലിലേക്ക് ജില്ലയിൽ നിന്ന് ആരൊക്കെ പോകണമെന്ന് തീരുമാനിക്കുന്നതിൽ സുപ്രധാന പങ്ക് പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമായിരിക്കെ ഷാജി വിഭാഗത്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

നേരത്തേ ജനറൽ സെക്രട്ടറിയായിരുന്ന ഔദ്യോഗിക വിഭാഗത്തിലെ കെ കെ അഹമ്മദ് ഹാജിയാണ് പുതിയ ജില്ലാ പ്രസിഡന്റ്. നേരത്തേ വൈസ് പ്രസിഡന്റായിരുന്ന സി മമ്മുട്ടി പക്ഷത്തെ ടി മുഹമ്മദാണ് പുതിയ ജനറൽ സെക്രട്ടറി. ജനറൽ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടിരുന്ന ഷാജി വിഭാഗത്തിന്റെ ജില്ലയിലെ പ്രധാനിയായ യഹ്‌യാഖാൻ തലക്കലിനാണ് ട്രഷറർ സ്ഥാനം.
വൈസ് പ്രസിഡന്റുമാരായി എം എ മുഹമ്മദ് ജമാൽ, പി കെ അബൂബക്കർ, എൻ കെ റശീദ്, റസാഖ് കൽപ്പറ്റ, എൻ നിസാർ എന്നിവരും സെക്രട്ടറിമാരായി പി പി അയ്യൂബ്, അസ്മത്ത്, ഹാരിസ് കണ്ടിയൻ, അബ്ദുല്ല വള്ളിയാട്, സി കുഞ്ഞബ്ദുല്ല എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഭാരവാഹിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കൗൺസിലിന്റെ തീരുമാനം റിട്ടേണിംഗ് ഓഫീസർ സംസ്ഥാന നേതൃത്വത്തെ അറിയിക്കും. സംസ്ഥാന പ്രസിഡന്റിന്റെ അംഗീകാരത്തോടെ പിന്നീട് പ്രഖ്യാപിക്കുകയാണ് ചെയ്യുക.

തിരഞ്ഞെടുപ്പിലൂടെ ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാൻ എല്ലാ അണിയറ നീക്കങ്ങളും ഷാജി വിഭാഗം ഒരുക്കിയിരുന്നു. എന്നാൽ റിട്ടേണിംഗ് ഓഫീസറായ മായിൻ ഹാജി ഇന്നലെ കൗൺസിൽ ചേർന്ന ഉടൻ സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദേശം അറിയിക്കുകയായിരുന്നു. മത്സരത്തിലേക്ക് പോകാൻ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ നിലവിലുള്ള എല്ലാ ജില്ലാ ഭാരവാഹികളെയും മാറ്റിനിർത്തി പുതിയ കമ്മിറ്റിയുണ്ടാക്കുമെന്നും സംസ്ഥനത്ത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിലേക്ക് ജില്ലയിലെ ഗ്രൂപ്പിസം വളർന്നതായും അദ്ദേഹം പറഞ്ഞു. തുടർന്നാണ് സമവായ നീക്കമുണ്ടായത്.

Latest