Kerala
കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കെ എം ഷാജി ; 'ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതിന് മുമ്പ് കുഞ്ഞനന്തനെ ജയിലില്‍ ഒരു വി ഐ പി സന്ദര്‍ശിച്ചു'
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചുവരികയായിരുന്ന പി.കെ കുഞ്ഞനന്തന്‍ 2020 ജൂണിലാണ് മരിച്ചത്
കോഴിക്കോട് | ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആവര്‍ത്തിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ ഏല്‍ക്കുംമുന്‍പ് ജയിലില്‍ ഒരു വി.ഐ.പി സന്ദര്‍ശിച്ചിരുന്നുവെന്ന് ഷാജി ആരോപിച്ചു. ദുരൂഹത ആരോപിച്ചതിന് തന്റെ പേരില്‍ കേസെടുക്കാന്‍ ധൈര്യമുണ്ടോ എന്നും ഷാജി ചോദിച്ചു. ശാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിനിടെ പേരാമ്പ്രയില്‍ നടന്ന യോഗത്തിലാണ് ഷാജിയുടെ പരാമര്‍ശം.
കുഞ്ഞനന്തനു ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതിന് ആഴ്ചയ്ക്കുമുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു വി.ഐ.പി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ബാക്കി കേസ് വന്നിട്ടു പറയാമെന്നും കെ എം ഷാജി പറഞ്ഞു.ദുരൂഹത ആരോപിച്ചതിന് തനിക്കെതിരെ കേസെടുക്കുമെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. എന്നിട്ട് എന്ത് കൊണ്ടാണ് കേസെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
കുഞ്ഞനന്തന്‍ ഭക്ഷ്യവിഷബാധ ഏറ്റാണ് മരിച്ചതെന്ന് കെ എം ഷാജി നേരത്തെ ആരോപിച്ചിരുന്നു.കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ.എം. ഷാജി ആരോപിച്ചിരുന്നു.ഷുക്കൂര്‍ കൊലപാതകക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും കെ.എം ഷാജി പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചുവരികയായിരുന്ന പി.കെ കുഞ്ഞനന്തന്‍ 2020 ജൂണിലാണ് മരിച്ചത്.