Kerala
കെ എം ബി; നീതിക്ക് വേണ്ടി പോരാടുന്നവർക്ക് പ്രതീക്ഷ നൽകുന്ന ഉത്തരവ്: കെ യു ഡബ്ല്യു ജെ
ബഷീറിന്റെ കൊലയാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും വരെ കേസിൽ ജാഗ്രത തുടരണമെന്ന് കെ യു ഡബ്ല്യു ജെ
തിരുവനന്തപുരം | മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് എതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവ് നീതിക്ക് വേണ്ടി പോരാടുന്നവർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
നരഹത്യാ കേസ് ഒഴിവാക്കിയ തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന് എതിരെ അപ്പീൽ സമർപ്പിക്കണമെന്ന കെ യു ഡബ്ല്യു ജെയുടെയും ബഷീറിന്റെ കുടുംബത്തിന്റെയും സിറാജ് മാനേജുമെന്റിന്റെയും ആവശ്യം അംഗീകരിക്കുകയും കേസ് നന്നായി നടക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്ത കേരള സർക്കാരിന് നന്ദി അറിയിക്കുന്നു.
അതിശക്തമായ വാദമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. നീതിക്കു വേണ്ടിയുളള പോരാട്ടത്തിൽ ഇത് വലിയ വിജയമാണെങ്കിലും ഇനിയും പോരാട്ടം തുടരേണ്ടതുണ്ട്. ബഷീറിന്റെ കൊലയാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും വരെ ഈ കേസിൽ ജാഗ്രത തുടരണമെന്ന് കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും സർക്കാരിനോട് ആവശ്യപ്പെട്ടു.