kna khadar @ rss stage
കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടി നയത്തിന് വിരുദ്ധം: എം കെ മുനീര്‍
'ബഹറില്‍ മുസല്ലയിട്ട് നിസ്‌ക്കരിച്ചാലും ആര്‍ എസ് എസിനെ വിശ്വസിക്കരുതെന്ന് എന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. അതാണ് ലീഗ് നയം'
കോഴിക്കോട് | മുന്‍ എം എല്‍ എ കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റും പാര്‍ട്ടി നയത്തിന് വിരുദ്ധവുമാണെന്ന് ലീഗ് നേതാവ് എം കെ മുനീര്‍. ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദര്‍ പങ്കെടുത്തത്. ഖാദറിന്റെ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യും. അദ്ദേഹത്തിന്റെ വിശദീകരണവും കേള്‍ക്കുമെന്നും മുനീര്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുനീര്‍.
ആര്‍ എസ് എസിനേയും എന്‍ ഡി എഫിനേയും പരസ്പര പൂരകങ്ങളായാണ് പാര്‍ട്ടി കാണുന്നത്. ബഹറില്‍ മുസല്ലയിട്ട് നമസ്‌ക്കരിച്ചാലും ആര്‍ എസ് എസിനെ വിശ്വസിക്കരുതെന്ന് എന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. ഇതാണ് ആര്‍ എസ് എസുമായുള്ള നിലപാടിയില്‍ പാര്‍ട്ടിയുടെ നയമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ വിശദീകരണവുമായി കെ എന്‍ എ ഖാദര്‍ രംഗത്തെത്തി. എല്ലാമതങ്ങളെക്കുറിച്ചും നല്ലത് മാത്രം പറയുന്ന ഒരാളാണ് താനെന്നും ശുദ്ധമനസ്സായതിനാലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഖാദര്‍ പറഞ്ഞു.
എല്ലാം മതസ്ഥരും തമ്മില്‍ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ സംസാരിച്ചത് മതസൗഹാര്‍ദത്തെക്കുറച്ച് മാത്രമാണ്. നാട്ടില്‍ സംഘര്‍ഷവും വര്‍ഗീയതയും വര്‍ധിച്ച് വരുമ്പോള്‍ എല്ലാം മതസ്ഥരും തമ്മില്‍ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അത് തെറ്റായി ചിത്രീകരിച്ച് ദുഷ്പ്രചരണം നടത്തുകയാണ്.
മതസൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ വിളിച്ചാല്‍ അവരെല്ലാം പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. അവര്‍ വിളിച്ചാല്‍ ഞങ്ങളും പോവേണ്ടതല്ലെ എന്ന ശുദ്ധമനസ്സുകൊണ്ടാണ് വിളിച്ചപ്പോള്‍ പോയതെന്നും ഖാദര്‍ പറയുന്നു. മുസ്ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും പാര്‍ട്ടി പറയുന്നതിനപ്പുറം താന്‍ ഒന്നും ചെയ്യില്ലെന്നും ഖാദര്‍ കൂട്ടിച്ചേര്‍ത്തു.