Connect with us

Kerala

മുട്ടില്‍ മരം മുറി: വനംവകുപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം, മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമില്ല

ഈയടുത്താണ് മീനങ്ങാടി പോലീസ് മറ്റൊരു കേസില്‍ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Published

|

Last Updated

വയനാട്| ക്രൈംബ്രാഞ്ച് കേസിന് പിന്നാലെ വനം വകുപ്പ് കേസിലും മുട്ടില്‍ മരം മുറിയിലെ പ്രതികള്‍ക്ക് ജാമ്യം. ബത്തേരി ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്നാല്‍, പട്ടയഭൂമിയിലെ മരം മുറിച്ചതിന് മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ജാമ്യം നിഷേധിച്ചു. ഇതോടെ പ്രതികള്‍ക്ക് പുറത്തിറങ്ങാനാകില്ല.

ഈയടുത്താണ് മീനങ്ങാടി പോലീസ് മറ്റൊരു കേസില്‍ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തൃക്കൈപ്പറ്റ മുക്കംകുന്നില്‍ നിന്ന് രണ്ട് ഈട്ടി മരങ്ങള്‍ മുറിച്ചു കടത്തിയതിന് മേപ്പാടി പോലീസും അഗസ്റ്റിന്‍ സഹോദരങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പ് കേസില്‍ ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാമെന്ന് കരുതിയ പ്രതികള്‍ക്ക് പോലീസിന്റെ നടപടി തിരിച്ചടിയായി. എന്നാല്‍, ക്രൈംബ്രാഞ്ചും വനം വകുപ്പും കേസില്‍ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഹൈക്കോടതിയില്‍ നിന്ന് അനുമതി ലഭിക്കാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

പട്ടയ ഭൂമിയില്‍ നിന്ന് സംരക്ഷിത മരങ്ങള്‍ മുറിച്ചു കടത്തിയതിന് ആകെ 41 കേസുകളാണ് വനം വകുപ്പ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 28നാണ് റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ഡ്രൈവര്‍ വിനീഷ് എന്നിവര്‍ അറസ്റ്റിലായത്.

 

Latest