muttil timber cutting case
മുട്ടില്‍ മരംമുറി: സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് മരവിപ്പിച്ചു
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടാണ് മരവിപ്പിച്ചത്
കല്‍പ്പറ്റ | മുട്ടില്‍ മരംമുറി കേസില്‍ സസ്‌പെന്റ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തുകൊണ്ടുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് മരവിപ്പിച്ചു. വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ട് ഉത്തരവ് മരവിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ലക്കിടി ചെക്ക്‌പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ തിരിച്ചെടുത്ത് കൊണ്ട് ഉത്തരവിറക്കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് കണ്ടെത്തിയായിരുന്നു നടപടി. എന്നാല്‍ ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ്കുമാര്‍ മന്ത്രിയുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് സൂചന.
അതേസമയം മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചു. 60 ദിവസമായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. അഗസ്റ്റിന്‍ സഹോദരങ്ങളെ കൂടാതെ ഡ്രൈവര്‍ വിനീഷിനും ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ വനം വകുപ്പിന്റെ കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പ്രതികള്‍ക്ക് പുറത്തിറങ്ങാനാകു.