Uae
നോൾ ഡിജിറ്റൽ പേയ്‌മെന്റ് നവീകരണം 2026ൽ പൂർത്തിയാവും
550 മില്യൺ ദിർഹം മൊത്തം ചെലവ് വരുന്നതാണ് പദ്ധതിയെന്ന് ആർ ടി എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.

ദുബൈ| നോൾ സിസ്റ്റം നവീകരണത്തിന്റെ 40 ശതമാനം പൂർത്തിയാക്കിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി 2026 അവസാനത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമാക്കിയിരിക്കുന്നത്. നിലവിലുള്ള കാർഡ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനത്തിൽ നിന്ന് കൂടുതൽ നൂതനമായ അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് സാങ്കേതികവിദ്യയിലേക്ക് മാറുകയാണ് ഈ നവീകരണത്തിലൂടെ സാധ്യമാക്കുന്നത്.
ഡിജിറ്റൽ പേയ്മെന്റുകളിലും സാമ്പത്തിക സാങ്കേതികവിദ്യയിലും ആഗോള പുരോഗതിക്കൊപ്പം അന്താരാഷ്ട്ര മികച്ച രീതികൾ ലഭ്യമാക്കുന്നതിന് ഭാഗമാണിത്.
550 മില്യൺ ദിർഹം മൊത്തം ചെലവ് വരുന്നതാണ് പദ്ധതിയെന്ന് ആർ ടി എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ, ഉപയോക്താക്കൾക്ക് നിലവിലുള്ള നോൾ കാർഡുകളുമായി ബന്ധിപ്പിച്ച് ഡിജിറ്റൽ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സംവിധാനം നവീകരിക്കും. രണ്ടാം ഘട്ടത്തിൽ ബേങ്കിംഗ് കാർഡ് സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുന്ന നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി പുതിയ തലമുറ നോൾ കാർഡുകൾ അവതരിപ്പിക്കും. അവസാനത്തെ ഘട്ടത്തിൽ, സിസ്റ്റം അപ്ഗ്രേഡ് പൂർത്തിയാകും.
ദുബൈയിലുടനീളമുള്ള പൊതുഗതാഗത നിരക്ക് പേയ്മെന്റുകൾക്കായി ബേങ്ക് കാർഡുകൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഇതര പേയ്മെന്റ് രീതികൾ സ്വീകരിക്കാൻ ഇതിലൂടെ പ്രാപ്തമാക്കും.