panchayath talk series
പഞ്ചായത്തിനെ അടുത്തറിയാം; 'പഞ്ചായത്ത് ടോക്ക്‌സ് ' ശ്രദ്ധേയമാവുന്നു
കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും തദ്ദേശ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നവിധത്തില്‍ വിശദമായി ക്രമപ്പെടുത്തിയതാണ് ഓരോ ഭാഗങ്ങളും
കല്‍പറ്റ | കാലം മാറി കഥ മാറി. സകല വിജ്ഞാനാവും ഞൊടിയിടയില്‍ കൈകളിലെത്തുന്ന ഓണ്‍ലൈന്‍ കാലം. വിശേഷങ്ങളും കാര്യങ്ങളും പങ്കുവെക്കാന്‍ യുട്യൂബ് ചാനല്‍ തുടങ്ങി ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ മെമ്പറും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണി ശ്രദ്ധേയനാവുകയാണ്. പഞ്ചായത്ത് ടോക്ക് സീരീസ് എന്ന പേരില്‍ കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും തദ്ദേശ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നവിധത്തില്‍ വിശദമായി ക്രമപ്പെടുത്തിയതാണ് ഓരോ ഭാഗങ്ങളും.
അധികാര വികേന്ദ്രീകരണത്തിന്റെയും പ്രാദേശിക ഭരണ നിര്‍വഹണത്തിന്റെയും പൊതുഅറിവുകള്‍ ജുനൈദ് കൈപ്പാണി ചാനലിലൂടെ പങ്കുവെക്കുന്നു. വികേന്ദ്രീകരണം കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട അറിവുകള്‍ പരക്കെ പ്രചാരത്തിലില്ല. തദ്ദേശസ്ഥാപന അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതു സംബന്ധിച്ചുള്ള അറിവുകള്‍ പഞ്ചായത്ത് ടോക്ക് സീരീസില്‍ നിന്ന് എളുപ്പത്തില്‍ നേടാം. പുതിയ അംഗങ്ങള്‍ക്കെല്ലാം ലളിതമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ പഞ്ചായത്ത് അംഗത്തില്‍ നിക്ഷിപ്തമായ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും കടമകളുമെല്ലാം ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. സമ്പൂര്‍ണ ഭവനപദ്ധതി തുടങ്ങി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കുന്നുണ്ട്. നൂറിലധികം ഭാഗങ്ങള്‍ പിന്നിട്ട പഞ്ചായത്ത് ടോക്ക് സീരീസില്‍ ഇതിനകം കേരളത്തിലങ്ങോളമിങ്ങോളം നിരവധി വരിക്കാരുണ്ട്. പഞ്ചായത്തും ജനങ്ങളും ജനപ്രതിനിധികളും പരസ്പരം കണ്ണിചേരുമ്പോള്‍ ഇവയ്ക്കിടയില്‍ നിലവിലുള്ള ത്രിതല സംവിധാനത്തെക്കുറിച്ച് കുട്ടികള്‍ക്കും പുതിയ തലമുറകള്‍ക്കും അറിവുപകരുക എന്നതുകൂടിയാണ് ഈ വീഡിയോകളുടെ ലക്ഷ്യമെന്ന് ജുനൈദ് കൈപ്പാണി പറയുന്നു.
ത്രിതലപഞ്ചായത്തുകളിലും മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലുകളിലുമായി 21,900 വാര്‍ഡുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ തത്പരരായവര്‍ക്കായി കിലയുടെയും ഡിജിറ്റല്‍ സര്‍വകലാശാലയുടെയും സഹകരണത്തോടെ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോഴ്‌സ് നടത്തുന്നുണ്ട്. വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിര്‍വഹണവും എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പഠിതാവ് കൂടിയായ ജുനൈദ്, പഠന പ്രക്രിയയില്‍ നിന്ന് ആര്‍ജിക്കുന്ന ആധികാരിക വിവരങ്ങള്‍ കൂടിയാണ് പങ്കുവെക്കുന്നത്.
ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുപ്രവര്‍ത്തന മേഖലയിലേക്ക് ജുനൈദിന്റെ പ്രവേശനം. വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് സംസ്ഥാന ദേശീയ തലത്തിലടക്കം ചുമതലകള്‍ നിര്‍വഹിച്ചു ശ്രദ്ധനേടിയിരുന്നു. യുവജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊമേഴ്‌സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും ബി എഡും മനശാസ്ത്രത്തില്‍ പി ജിയും പൂര്‍ത്തിയാക്കി സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു. നിലവില്‍ നിരവധിയായ സാമൂഹിക- സാംസ്‌ക്കാരിക- ജീവകാരുണ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹി കൂടിയാണ്.
വിദ്യാഭ്യാസ പ്രവര്‍ത്തകനായ ജുനൈദ്, കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെ ചരിത്രത്തിലെ ആദ്യത്തെ വയനാട്ടുകാരനായ വൈസ് ചെയര്‍മാനായിരുന്നു. വ്യക്തിത്വ വികാസമടക്കമുള്ള വിവിധ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ‘രാപ്പാര്‍ത്ത നഗരങ്ങള്‍’ എന്ന യാത്രാവിവരണം മലയാളി വായനക്കാര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ജുനൈദ് കൈപ്പാണിയുടെ ശ്രദ്ധേയ ഗ്രന്ഥമാണ്.
അധികാരവികേന്ദ്രീകരണത്തെയും പ്രാദേശിക ഭരണ നിര്‍വഹണത്തിന്റെയും കേരളീയ അനുഭവങ്ങള്‍ പുതിയ കാലവുമായി ചേര്‍ത്തുകൊണ്ട് സമഗ്രമായി മനസ്സിലാക്കാന്‍ പറ്റുന്നവിധം ലളിതമായ വിവരണമാണ് ഓരോ സീരീസും. കേരളത്തിലെ സവിശേഷമായ സാഹചര്യത്തില്‍ അടിസ്ഥാനവിഷയങ്ങളില്‍ ഊന്നിക്കൊണ്ട് അധികാര വികേന്ദ്രീകരണവും ആസൂത്രണവും പഞ്ചായത്ത് സംവിധാനവും പ്രാദേശിക ഭരണനിര്‍വഹണവും ജനപ്രതിനിധികളുടെ ചുമതലയും ഹ്രസ്വമായി അവതരിപ്പിക്കുന്നു എന്നത് ടോക്ക് സീരീസിന്റെ പ്രത്യേകതയാണ്.
പഞ്ചായത്ത് ടോക്ക് സീരീസിനെ സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ശ്രോതാക്കളായ ജനപ്രതിനിധികളുന്നയിക്കുന്ന പ്രായോഗികമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ തലത്തിലുള്ള ആശയങ്ങളും വിഷയങ്ങളും ചര്‍ച്ച ചെയ്ത് ടോക് സീരീസുകള്‍ വ്യാപിപ്പിക്കുക എന്നതാണ് സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളുകൂടിയായ ജുനൈദിന്റെ തീരുമാനം.