Health
പ്രസവാനന്തര ബൈപോളാർ ഡിസോഡർ ലക്ഷണങ്ങൾ അറിയാം
വർധിച്ച ദേഷ്യവും നിരാശയും പ്രസവാനന്തര ബൈപോളാറിന്റെ ലക്ഷണമാണ്.
പ്രസവം കഴിഞ്ഞ അമ്മമാരെ ബാധിക്കുന്ന അപൂർവ മാനസികാരോഗ്യ അവസ്ഥയാണ് പ്രസവാനന്തര ബൈപോളാർ ഡിസോഡർ. നിർഭാഗ്യവശാൽ വീട്ടിലുള്ള പലർക്കും ഇത് എന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിയാറില്ല എന്നതാണ് സത്യം. കരച്ചിലും ദേഷ്യവും ആത്മഹത്യാശ്രമവും വരെ നീളുന്നു അസുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. എന്തൊക്കെയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു നോക്കാം.
മൂഡ് സ്വിങ്സ്
പെട്ടെന്ന് അങ്ങേയറ്റം സന്തോഷം തോന്നുകയും സങ്കടം തോന്നുകയും ഇതിനിടയിലുള്ള ഒരു അവസ്ഥയുണ്ടാവുകയും ചെയ്യുന്നു എന്നതാണ് മൂഡ് സ്വിങുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഉറക്കമില്ലായ്മ
അമ്മയായിരിക്കുമ്പോൾ ക്ഷീണിക്കാനുള്ള വഴികൾ ഒരുപാടുണ്ടെങ്കിലും ഇത്രയൊക്കെ ക്ഷീണത്തിലും ഉറക്കമില്ലാത്ത അവസ്ഥ പ്രസവാനന്തര ബൈപോളാർ രോഗത്തിന്റെ ലക്ഷണമാണ്.
അനിയന്ത്രിതമായ ചിന്തകൾ
പെട്ടെന്നുള്ള പ്രേരണകളും അനിയന്ത്രിതമായ ചിന്തകളും, ദ്രുതഗതിയിലുള്ള തീരുമാനങ്ങളും എല്ലാം ഈ രോഗത്തിന്റെ ലക്ഷണമാണ്.
ദേഷ്യം
വർദ്ധിച്ച ദേഷ്യവും നിരാശയും പ്രസവാനന്തര ബൈപോളാറിന്റെ ലക്ഷണമാണ്.
അമിത ഊർജ്ജം
ഇത് ഒരു അപൂർവ ലക്ഷണമാണ്. അമ്മയിൽ ഹൈപ്പർ ആക്ടിവിറ്റി ഉണ്ടാവുകയും അമിത ആത്മവിശ്വാസം ഉണ്ടാവുകയും പല കാര്യങ്ങളും ചെയ്യാൻ തോന്നുന്നതും ഇതിന്റെ ഉദാഹരണമാണ്.
മിന്നിമറിയുന്ന വിഷാദം
നിരാശയുടെയും മൂല്യമില്ലായ്മയുടെയും വികാരങ്ങൾ ഉണ്ടാവുകയും. സൗന്ദര്യം നഷ്ടമായെന്നും ജീവിതത്തിൽ നമുക്ക് ഇനി ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നതും എല്ലാം പ്രസവാനന്തര വിഷാദരോഗത്തിന്റെ അല്ലെങ്കിൽ ബൈപോളാറിന്റെ ലക്ഷണം ആകാം.
ഈ ലക്ഷണങ്ങൾ തക്ക സമയത്ത് കണ്ടെത്തി ചികിത്സ തേടുകയാണ് പ്രധാനം. നവജാത ശിശുവിനെ ഇല്ലാതാക്കുന്നതും സ്വയം ഇല്ലാതാക്കുന്നതും ഒക്കെ ഈ രോഗത്തിന്റെ പരിണിതഫലങ്ങളാണ്. അതുകൊണ്ടുതന്നെ പ്രത്യേക ശ്രദ്ധ നൽകേണ്ട കാര്യമാണിത്.