Connect with us

Kozhikode

പെരുന്നാൾ അവധിയിൽ സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി നോളജ് സിറ്റി 

ഒരുലക്ഷത്തോളം ആളുകളാണ് പെരുന്നാളിനോടനുബന്ധിച്ച് നോളജ് സിറ്റി സന്ദർശിച്ചത്

Published

|

Last Updated

നോളജ് സിറ്റി | ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി മർകസ് നോളജ് സിറ്റി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലേക്കെത്തി നിൽക്കുന്ന മർകസ് നോളജ് സിറ്റിയിൽ ചെറിയ പെരുന്നാൾ ദിനം മുതൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരുലക്ഷത്തോളം ആളുകളാണ് പെരുന്നാളിനോടനുബന്ധിച്ച് നോളജ് സിറ്റി സന്ദർശിക്കാൻ എത്തിയത്. ഈയിടെ വിശ്വാസികൾക്കായി തുറന്നു നൽകിയ ജാമിഉൽ ഫുതൂഹ് എന്ന ഇന്ത്യൻ ഗ്രാൻഡ് മസ്ജിദാണ് സഞ്ചാരികളുടെ മുഖ്യ ആകർഷക ഘടകം.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മസ്‌ജിദുകളിൽ ഒന്നായ ജാമിഉൽ ഫുതൂഹ്, ഹരിത മനോഹര വയനാടൻ മലനിരകളുടെ ചാരെയാണ് നിലകൊള്ളുന്നത്. ഇത് സഞ്ചാരികൾക്ക് ഇരട്ടി മധുരമാണ് പകരുന്നത്. മനോഹരമായ വാസ്തുശില്പങ്ങളാലും ഹൃദയഹാരിയായ കാലിഗ്രാഫികളാലും ചിത്രപ്പണികളാലും അലങ്കരിച്ച മനോഹരമായ അകത്തളങ്ങളും കൂറ്റൻ മിനാരങ്ങളുമെല്ലാമായി തല ഉയർത്തി നിൽക്കുന്ന ജാമിഉൽ ഫുതൂഹ് മസ്ജിദ് കാണാൻ വിശ്വാസികൾക്ക് പുറമെ നിരവധി ആളുകളാണ് ദിനേന എത്തുന്നത്.
കൂടാതെ, നിർമാണ ചാരുതയോടെ നോളജ് സിറ്റിയിൽ നിലകൊള്ളുന്ന മറ്റു വിവിധ സംരംഭങ്ങളും സഞ്ചാരികൾക്ക് നവ്യാനുഭവമാണ്. പരിസ്ഥിതി സൗഹൃദമായി ഗ്രീൻ ബിൽഡിംഗ് നിർമാണ രീതിയിലുള്ള അലിഫ് ഗ്ലോബൽ സ്കൂൾ, ഇന്ത്യയിലെ ഏറ്റവും  വലിയ വെൽനസ് റിസോർട്ടായ ടൈഗ്രിസ് വാലി, ചിത്രശലഭ രൂപത്തിൽ തലയുയർത്തി നിൽക്കുന്ന ഫെസ്- ഇൻ ഹോട്ടൽ, ഇന്ത്യയിലെ ഏറ്റവും വലിയ താഴികക്കുട ഘടനയുള്ള എക്സിബിഷൻ സെന്റർ, ലാൻഡ്മാർക് പാർപ്പിട സമുച്ചയങ്ങൾ, പൗരാണിക രീതിയിലെ സൂഖുകൾ തുടങ്ങിയവയെല്ലാം കാഴ്ചക്കാർക്ക് കുളിർ കാഴ്ചകളാണ്.
അതോടൊപ്പം, കേരളത്തിലെ ആദ്യ കേന്ദ്ര സർക്കാർ അംഗീകൃത യൂനാനി മെഡിക്കൽ കോളേജ്, ഹോഗർ ടെക്നോളജിസ് ആൻഡ് ഇന്നോവേഷൻ, ഐമർ മാനേജ്‍മെന്റ് സ്കൂൾ, മിഹ്റാസ് ഹോസ്പിറ്റൽ, പൈതൃക മ്യൂസിയം, മലൈബാർ ഫൌണ്ടേഷൻ ഗവേഷണ കേന്ദ്രം, ലോ കോളജ്,  ലൈബ്രെറി, വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസ്, പെൺകുട്ടികൾക്കായുള്ള ക്യൂൻസ് ലാൻഡ്, എം ടവർ, ഹിൽസിനായി എക്സലൻസ് സ്കൂൾ, മസ്‌റ കൃഷിയിടങ്ങൾ തുടങ്ങിയവയും നോളജ് സിറ്റിയിലെ കാഴ്ചകളാണ്.
കഴിഞ്ഞ റമസാൻ കാലത്ത് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിലെ വിവിധ ആത്മീയ  പരിപാടികളിലും ഇഫ്താറിലുമെല്ലാം പങ്കെടുക്കാനായി ആയിരങ്ങൾ ദിനേന ഇവിടെ എത്തിയിരുന്നു. രണ്ടായിരത്തോളം വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ സൗകര്യം ഇവിടെ ഒരുക്കിയിരുന്നു. റമസാൻ പതിനേഴാം രാവിൽ നടന്ന ബദ്ർ ആത്മീയ സമ്മേളനത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.

Latest