Connect with us

അനുസ്മരണം

വൈജ്ഞാനിക ഗേഹം

ഏത് വിഷയങ്ങളിലും ആഴത്തിലുള്ള പാണ്ഡിത്യവും അവഗാഹവും ശൈഖുൽ ഹദീസിനെ വ്യതിരിക്തനാക്കി.

Published

|

Last Updated

ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ് എന്ന ശൈഖുന എം കെ ഇസ്മാഈൽ മുസ്‌ലിയാർ സുന്നി ലോകത്തിന് നികത്താനാകാത്ത വിടവ് നൽകി ദിവംഗതനായിട്ട് പതിനൊന്ന്‌ വർഷം പൂർത്തിയാകുന്നു. ഇസ്‌ലാമിക വിജ്ഞാന ശാഖകളിൽ അവഗാഹം നേടിയ ശൈഖുൽ ഹദീസ് ഭൂമിശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും നിപുണനായിരുന്നു. ഏത് വിഷയങ്ങളിലും ആഴത്തിലുള്ള പാണ്ഡിത്യവും വിഷയങ്ങളിലുള്ള അവഗാഹവും സമകാലിക പണ്ഡിതരിൽ നിന്ന് ശൈഖുൽ ഹദീസിനെ വ്യതിരിക്തനാക്കി.

വിഷയങ്ങളെ പ്രാമാണികമായി സമീപിക്കുക ശൈഖുനയുടെ ശൈലിയായിരുന്നു. അതേസമയം ബൗദ്ധികമായ വിശകലനത്തെ അകറ്റിനിർത്തിയതുമില്ല. ഹദീസുകളുടെ അനുബന്ധമായോ സംശയങ്ങൾക്ക് ഉത്തരമായോ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ പ്രമാണത്തെയും ബുദ്ധിപരമായ സമർത്ഥനത്തെയും ശൈഖുന അവലംബിച്ചു. ഏതു വിഷയത്തെയും സമീപിക്കേണ്ട രീതിയെന്തെന്നു കൂടി പഠിപ്പിക്കുക ശൈഖുനയുടെ ലക്ഷ്യമായിരുന്നു. സമകാലിക വിഷയങ്ങളിൽ നല്ല ശ്രദ്ധ ഉണ്ടായിരുന്നു. ഖുർആനും ഹദീസും സയൻസിന്റെ വീക്ഷണങ്ങളുമായി ബന്ധപ്പെടുന്ന വിഷയങ്ങൾക്ക് എടുത്തുചാടി ഉത്തരം പറയുന്നതിനു പകരം തദ്വിഷയകമായ ശാസ്ത്രത്തിന്റെ നിഗമനങ്ങളെ വിലയിരുത്താൻ സമയവും ഊർജവും കണ്ടെത്തുമായിരുന്നുവെന്നതാണ്‌ ശൈഖുനയിലെ അന്വേഷണ കുതുകിയായ പണ്ഡിതനെ എന്നും വേറിട്ടു നിർത്തിയത്.
മർകസ് തഖസ്സുസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ശൈഖുനയുടെ ശൈലിയിൽ തഫ്‌സീർ ഓതണമെന്ന ഞങ്ങളുടെ ആഗ്രഹം സഫലമാക്കി സൂറത്തുൽ കഹ്ഫ് മുതൽ ഓതിത്തന്നത് ഇപ്പോഴും മധുരിക്കുന്ന ഓർമകളാണ്. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ശൈഖുനയുടെ വിശകലന പാടവം. എത്ര ദുർഗ്രാഹ്യമായ വിഷയവും ശ്രാവ്യ മധുരമായകവിത കേൾക്കുന്ന ലാളിത്യത്തോടെ അനുഭവിക്കാൻ കഴിയുക വല്ലാത്തൊരു സൗഭാഗ്യമാണ്. അൽ കഹ്ഫിൽ പരാമർശിച്ചിട്ടുള്ള വ്യത്യസ്ത സംഭവചിത്രങ്ങൾ അടുക്കിവെച്ചിട്ടുള്ളതിലെ ശാസ്ത്രീയമായ ക്രമീകരണം, ആയത്തുകൾ പരസ്പരം കൈകോർത്തു നിൽക്കുന്നതുപോലെയുള്ള ബന്ധം, സൂറതുകൾ തമ്മിൽ തോളോടു തോൾചേർന്നു മുട്ടിയുരുമ്മി നിൽക്കുന്ന തോന്നൽ…! അതുകേൾക്കുന്ന ഏതൊരാളും അറിയാതെ ഖുർആനിനെ വാരിപ്പുണർന്നുപോകും.
അവയവ ദാനം, പോസ്റ്റുമോർട്ടം, കുടുംബാസൂത്രണം, ക്ലോണിംഗ്, ലിംഗമാറ്റ ശസ്ത്രക്രിയ, ടെസ്റ്റ്ട്യൂബ് ശിശു, വാടക ഗർഭപാത്രം, ടെലിഫോൺ നികാഹ്, സ്‌പോർട്സ് തുടങ്ങി മുഴുവൻ ആധുനിക വിഷയങ്ങളും ശൈഖുന ക്ലാസുകളിൽ ചർച്ചക്കിട്ടു. അതിന്റെ ഇസ്‌ലാമികവശങ്ങൾ നിർദ്ധാരണം ചെയ്തു.

ആയിരക്കണക്കായ ശിഷ്യന്മാരുടെ ദീനീ സേവനങ്ങളും സുന്നി പ്രവർത്തകർ നടത്തുന്ന ആദർശ പ്രബോധന പ്രചാരണങ്ങളും ആദർശ പ്രസ്ഥാനത്തിന്റെ വൈജ്ഞാനിക സേവനങ്ങളും ആദർശത്തിന്റെ കുലപതിയായ ശൈഖുനയെക്കുറിച്ചുള്ള ഓർമയെ എന്നും ജ്വലിപ്പിച്ചുനിർത്തും.

Latest