Connect with us

Malappuram

അറിവ് സമൂഹ പുരോഗതിക്ക് അനിവാര്യം: ഇ സുലൈമാൻ മുസ്‌ലിയാർ

ബുഖാരി വാർഷിക സമ്മേളനത്തിന് തുടക്കമായി

Published

|

Last Updated

കൊണ്ടോട്ടി | അറിവ് സമൂഹ പുരോഗതിക്ക് അനിവാര്യമാണെന്നും വൈജ്ഞാനിക രംഗത്ത് കൂടുതൽ ഇടപെടലുകൾ സാധ്യമാക്കണമെന്നും സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ പറഞ്ഞു. വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക ജീവ കാരുണ്യ മേഖലയില്‍ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന കൊണ്ടോട്ടി ബുഖാരി സ്ഥാപങ്ങളുടെ 35-ാം വാര്‍ഷിക ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിലെ സജീവമായ ഇടപെടലുകളാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുഖാരി സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി അബൂഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത് മലപ്പുറം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനോപഹാരം ‘പ്രമാണം രണ്ട്: ഹദീസ്’ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി കെ പി എച്ച് തങ്ങൾ കാവനൂർ പ്രകാശനം ചെയ്തു.

സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുന്നാസ്വിർ അഹ്‌സനി ഒളവട്ടൂർ, പി. യു. എസ് ആറ്റക്കോയ തങ്ങൾ, മിഖ്ദാദ് ബാഖവി ചുങ്കത്തറ, പി. എച്ച് അബ്ദുറഹ്‌മാൻ ദാരിമി, സി. കെ. യു മൗലവി മോങ്ങം, സി. പി സൈതലവി മാസ്റ്റർ ചെങ്ങര, ടി. അബ്ദുൽ അസീസ് ഹാജി, ബീരാൻ മുസ്‌ലിയാർ മുതുവല്ലൂർ സംബന്ധിച്ചു.

പതാക ഉയർത്തലിന് സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നേതൃത്വം നൽകി. വൈകുന്നേരം 6.30 ന് നടന്ന ആത്മീയ സമ്മേളനത്തിന് നൂറു സ്സാദാത്ത് സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കി. സമ്മേളനം എസ്. വൈ. എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ്‌ മുഹമ്മദ് തുറാബ് അസ്സഖാഫിയുടെ അധ്യക്ഷതയിൽ എസ്. വൈ. എസ് മലപ്പുറം ഈസ്റ്റ് ജില്ല ഉപാധ്യക്ഷൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി ചിറയിൽ ഉദ്ഘാടനം ചെയ്തു.

നാളെ എമിനൻസ് മീറ്റ്, സൗഹൃദ സംഗമം, ഖുർആൻ സമ്മേളനം നടക്കും. ബുഖാരി വാർഷിക സമ്മേളനം ഞായറാഴ്ച സമാപിക്കും. കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, കേരള ഹജ്ജ്, വഖ്ഫ്, കായിക മന്ത്രി വി അബ്ദുറഹ്‌മാൻ തുടങ്ങിയ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.