From the print
അറിവെന്നാല്‍ കേവലം ഡാറ്റയല്ല
അറിവെന്നാല്‍ കുറെ വിവരങ്ങളുടെ സമാഹാരമല്ല. അകത്ത് വെളിച്ചമായി കത്തിജ്ജ്വലിച്ച് ആ പ്രകാശം അരികിലുള്ളവര്‍ക്ക് കൂടി പകരാന്‍ കഴിയുന്ന രൂപത്തില്‍ ഉറവയാകുമ്പോള്‍ മാത്രമാണ് അറിവ് യഥാര്‍ഥ അറിവാകുന്നത്.

പിശാചിനെ ശപിക്കപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ കാരണം അറിവിന്റെ കുറവായിരുന്നില്ലല്ലോ. അറിവിനാല്‍ രൂപപ്പെടേണ്ട ഒരു സംസ്‌കാരം ഉണ്ട്. ആ സാംസ്‌കാരിക മാറ്റം ഇല്ല എന്നതായിരുന്നു പ്രശ്നം. ആദം നബിയുടെ അറിവിനെ അംഗീകരിച്ച് , അവരെ ആദരിക്കുന്ന രൂപത്തിലുള്ള ഒരു സ്വഭാവം എല്ലാ മലക്കുകളിലും ഉണ്ടായി. പക്ഷേ, ഇബ്‌ലീസ് പ്രതികരിച്ചത് അഹങ്കാര സ്വരത്തിലായിരുന്നു. ആദമിന്റെ പ്രകൃതി മണ്ണാണ്, എന്റേത് തീയും, തീയിനെക്കാള്‍ മണ്ണിനെന്ത് മഹത്വം എന്ന അബദ്ധജഡിലമായ മെറ്റീരിയലിസമാണ് അറിവുണ്ടെന്ന അഹങ്കാരത്തോടെ ഇബ്‌ലീസ് ഉന്നയിച്ചത്. അല്ലാഹു പറഞ്ഞു. ‘നീ ശപിക്കപ്പെട്ടവന്‍, സ്വര്‍ഗം നിനക്ക് നിഷിദ്ധം. ഇറങ്ങൂ പുറത്തേക്ക് ‘
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നമ്മള്‍ ഡാറ്റാബാങ്കുകളായി മാറുന്ന അതിവേഗ കാലത്ത് നമ്മുടെ മനസ്സില്‍ അറിഞ്ഞോ അറിയാതെയോ തോന്നാറുണ്ടോ, മുന്‍ഗാമികള്‍ക്ക് എന്തറിയാം, എന്റെ പരന്ന വായനയും കണ്ടെത്തലുകളും എത്ര വിശാലമാണ് എന്ന്. എങ്കില്‍ നിങ്ങള്‍ക്കാണ് പിഴച്ചത്. അറിവെന്നാല്‍ കുറെ വിവരങ്ങളുടെ സമാഹാരമല്ല. അകത്ത് വെളിച്ചമായി കത്തിജ്ജ്വലിച്ച് ആ പ്രകാശം അരികിലുള്ളവര്‍ക്ക് കൂടി പകരാന്‍ കഴിയുന്ന രൂപത്തില്‍ ഉറവയാകുമ്പോള്‍ മാത്രമാണ് അറിവ് യഥാര്‍ഥ അറിവാകുന്നത്. അറിവുള്ള ഗുരുവിന്റെ സാന്നിധ്യം പോലും ഒരു സമൂഹത്തിനെ സംസ്‌കരിച്ച കാലം കഴിഞ്ഞുപോയിട്ടുണ്ട്. അവരുടെ സംസാരം പോലും ആവശ്യമുണ്ടായിരുന്നില്ല, ആംഗ്യം മതിയായിരുന്നു.
ഒന്നാം ക്ലാസ്സ് മദ്്‌റസയില്‍ അല്ലെങ്കില്‍ ഓത്തുപള്ളിയില്‍ പഠിപ്പിച്ച അധ്യാപകനെ ഓമനിച്ച് വിളിച്ചിരുന്നത് മൊല്ലാക്ക എന്നായിരുന്നു. പ്രാമാണികവും ബൗദ്ധികവുമായ അറിവ് മേളിച്ചവര്‍ എന്നര്‍ഥമുള്ള മുല്ല എന്ന ഉറുദു പദത്തിന് മാറ്റം സംഭവിച്ചതായിരിക്കും മൊല്ല എന്ന്. പിന്നീട് ആദരവിന്റെ കാക്കയും ചേര്‍ന്ന് മൊല്ലാക്കയായതാകണം. അഞ്ച് നേരം ബാങ്ക് വിളിച്ച്, സുന്നത്തുകള്‍ നിസ്‌കരിച്ച്, ജമാഅത്തില്‍ പങ്കെടുത്ത്, പള്ളിയുമായി ഇടപഴകി ജീവിക്കുന്ന ഒരു സാത്വികനെ ഒന്നാം ക്ലാസ്സില്‍ അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കാന്‍ മുന്‍ഗാമികള്‍ നിയോഗിച്ചതിന്റെ താത്പര്യമെന്തായിരിക്കും? അറിവെന്നാല്‍ കേവലം അക്ഷരം മാത്രമല്ല, അതോടൊപ്പം കൈമാറ്റം ചെയ്യപ്പെടേണ്ട പ്രകാശം കൂടിയാണത് എന്നതിനാലാണ്. ആദ്യാക്ഷരം പഠിപ്പിക്കുന്നവര്‍ക്ക് കേവല യോഗ്യതാപത്രങ്ങളേക്കാള്‍ വേണ്ടത് മൂല്യാധിഷ്ഠിത ജീവിതമാകണം. ആ മൂല്യങ്ങളുടെ ഉറവയായിരുന്നു പഴയ മൊല്ലാക്കമാര്‍. ഖുര്‍ആനും ഗോളശാസ്ത്രവും കൃഷി പാഠങ്ങളും മറ്റനേകം അറിവുകളും ഒരുപോലെ മേളിച്ചവര്‍.
കുറെ വിവരശേഖരണങ്ങളും പ്രബന്ധാവതരണങ്ങളും നടത്തുമ്പോള്‍ എല്ലാമായെന്ന ചിന്തക്ക് പകരം നമ്മുടെ ഡാറ്റകള്‍ക്ക് പ്രാമാണിക ഗുരുമുഖങ്ങളുടെ പൊരുത്തവും, അവര്‍ കാത്തുസൂക്ഷിച്ച അദബുകളും ചേര്‍ത്തുകൊണ്ട് മുന്നോട്ടുപോകാന്‍ ശ്രമിക്കുക. അവര്‍ക്കൊന്നും മനസ്സിലായില്ലെന്നും എന്റെ അറിവിന്റെ ലോകം പരന്നതാണെന്നുമുള്ള തോന്നലുകളാണ് വഴിതെറ്റലിന്റെ തുടക്കം. വി.ഖുര്‍ആന്‍ അധ്യായം മൂന്നില്‍ വചനം 164ല്‍ അല്ലാഹു തആല പ്രവാചക നിയോഗത്തെകുറിച്ച് പറഞ്ഞത് അറിവ് പകര്‍ന്ന് സംസ്‌കരണം നടത്തുന്നവരാണ് പ്രവാചകര്‍ എന്നാണ്.