Connect with us

cover story

അറിവടയാളങ്ങൾ

ഭൂമിയുടെ അകവും പുറവും കടന്ന് അന്യ ഗ്രഹങ്ങളിലെ വരെ ഉറവ വറ്റാതെയൊഴുകുന്ന അദ്ഭുതങ്ങൾ നമ്മള്‍ക്കു മുന്നിൽ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം അറിവുകളുടെ, അതിലേക്ക് എത്തപ്പെട്ട വഴികളുടെയൊക്കെ ചെറിയ രൂപമാണ് ഓരോ പ്ലാനറ്റേറിയവും. ഒപ്റ്റോ മെക്കാനിക്കല്‍, ഫുള്‍ഡോം പ്രൊജക്ടര്‍ ലേസര്‍ തുടങ്ങിയ സംവിധാനങ്ങള്‍ സംയോജിപ്പിച്ച് കൃത്യതയോടെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ശാസ്ത്രവും സാധാരണജനങ്ങളും തമ്മിലുള്ള ദൂരം കുറക്കുകയെന്നതാണ് ഇതിനാധാരം. അതിലൂടെ ചിന്താശേഷിയും കാര്യപ്രാപ്തിയുമുള്ള യുവ തലമുറയെ വാര്‍ത്തെടുക്കുകയാണ് ഓരോ ശാസ്ത്ര കേന്ദ്രങ്ങളുടെയും പ്രഥമ ലക്ഷ്യവും.

Published

|

Last Updated

തൂവെള്ള മേഘത്തേരിലേറി ആകാശത്തോളം പറക്കണം, ആകാശച്ചെപ്പിലൊളിപ്പിച്ച അത്ഭുതങ്ങള്‍ കണ്‍നിറയെ കാണണം, നക്ഷത്രങ്ങളോട് കിന്നാരം പറയണം പിന്നെ ബുധനോടും ശനിയോടും ശുക്രനോടുമൊത്ത് കറങ്ങി നടക്കണം. ചൊവ്വയില്‍ ആരെങ്കിലുമുണ്ടോയെന്ന് എത്തിനോക്കണം. ചന്ദ്രനോട് അമ്പിളി വെളിച്ചത്തിന്റെ ഗുട്ടന്‍സ് കൈയോടെ ചോദിച്ചുമനസ്സിലാക്കണം. മറ്റു ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമൊപ്പം അങ്ങനെ പറന്നു നടക്കണം. പ്ലാനറ്റേറിയങ്ങളിലെ കാഴ്ചകള്‍ കണ്ടാല്‍ നമ്മളും ഈ നിമിഷമൊന്നു യഥാർഥത്തില്‍ ആസ്വദിക്കാന്‍ ആഗ്രഹിച്ചുപോകും. ജ്യോതിശാസ്ത്രവും ആകാശത്തിന്റെ രാത്രി വിസ്മയങ്ങളും ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളുമെല്ലാം ഇവിടെ നമുക്കു മുന്നില്‍ എത്ര വിശാലമായാണ് പുനഃസൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരുകൂട്ടം ശാസ്ത്ര കുതുകികളായ മനുഷ്യര്‍ ചേര്‍ന്ന് രൂപകൽപ്പന ചെയ്ത ഈ ശാസ്ത്രകേന്ദ്രത്തില്‍ ഒരു ചെറു പ്രപഞ്ചത്തെ തന്നെ ഒരുക്കിയെടുത്തിരിക്കുകയാണ്. ഇനിയും ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ശാസ്ത്രീയവും ജ്യാമിതീയവുമായ അത്ഭുതങ്ങളും മഹാവിസ്‌ഫോടനം മുതലുള്ള ദൃശ്യാവിഷ്‌കാരങ്ങളും, നക്ഷത്രങ്ങള്‍, താരാപഥങ്ങള്‍, സൗരയൂഥം എന്നിവയുമെല്ലാം വളരെ മികച്ച രീതിയില്‍ തന്നെയാണ് നാഷനല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം 28 ഓളം ശാസ്ത്രകേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ മാത്രമാണ് ശാസ്ത്രകേന്ദ്രമുള്ളത്. എന്നാല്‍ രാജ്യത്തെ മറ്റു കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഒരുപടി മുന്നിട്ടു നില്‍ക്കുകയാണ് കോഴിക്കോട്ടെ മേഖലാ ശാസ്ത്രകേന്ദ്രം. ശാസ്ത്ര സംബന്ധിയായ പരീക്ഷണ നിരീക്ഷണങ്ങളും ശാസ്ത്രനേട്ടങ്ങളുമെല്ലാം കണ്ടും കേട്ടുമറിയാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അവസരം നല്‍കുന്നയിടം കൂടിയാണ് ഇവിടം. കോഴിക്കോട് ജില്ലയിലെ ജാഫര്‍ഖാന്‍ കോളനി റോഡില്‍ അനേകം ചെടികളും മരങ്ങളും നിറഞ്ഞ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്താണ് ശാസ്ത്രകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തൊണ്ണൂറ് ലക്ഷത്തില്‍പരം ആളുകള്‍ ഇതിനകം മേഖലാ ശാസ്ത്രകേന്ദ്രം സന്ദര്‍ശിച്ചു കഴിഞ്ഞു. കേന്ദ്രത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷം കഴിഞ്ഞ വര്‍ഷമാണ് നടന്നത്.

ശാസ്ത്രീയ വീക്ഷണത്തിന്റെ ആരംഭവും അറുപതുകാരനെ ആറ് വയസ്സുകാരനാക്കുന്ന മാന്ത്രികതയും ഉള്‍ക്കൊള്ളുന്നതാണ് പ്ലാനറ്റേറിയത്തിന്റെ ഓരോ മുക്കും മൂലയും. മേല്‍ത്തട്ടില്‍ അർധ ഗോളാകൃതിയിലുള്ള ആകാശ മേലാപ്പില്‍ നക്ഷത്രക്കൂട്ടങ്ങളും ഗ്രഹങ്ങളും കാണികളുടെ മുന്നില്‍ പ്രകാശിക്കുകയും അപ്രത്യക്ഷമാവുകയുമെല്ലാം ചെയ്യുന്നു. ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ പ്രപഞ്ചത്തിലെ മായാജാലങ്ങളെ കണ്‍കുളിര്‍ക്കെ കാണാന്‍ സാധിക്കുന്നുവെന്നതാണ് സന്ദര്‍ശകര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഭൂതി. അതിനായി ഇരുന്നൂറ്റി അന്‍പതോളം സീറ്റുള്ള നക്ഷത്ര ബംഗ്ലാവും ഇവിടുത്തെ മുഖ്യ ആകര്‍ഷണമാണ്. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പ്രപഞ്ചത്തെയും കുറിച്ച് വിശദമായ വിവരണത്തോടെയുള്ള ഹ്രസ്വ ചിത്ര പ്രദര്‍ശനങ്ങളും സൗരയൂഥത്തിന്റെയും നക്ഷത്രജാലങ്ങളുടെയും അത്ഭുതകാഴ്ചകളും ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തിന്റെ ഉപഗ്രഹചിത്രങ്ങളും സന്ദര്‍ശകര്‍ക്ക് പ്രദര്‍ശനം വഴി കാണാം. 1997ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഇവിടുത്തെ പ്രൊജക്റ്റര്‍ ജർമന്‍ നിർമിതമായ കാള്‍ സീസ്സിന്റേതാണ്. അതിനു ശേഷം 2012 ല്‍ ഡിജിറ്റല്‍ പ്രൊജക്്ഷന്‍ സംവിധാനവും ഇവിടെ നിലവില്‍ വന്നു. ശാസ്ത്ര പ്രദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമായി ത്രീഡി തിയറ്ററില്‍ ശാസ്ത്ര ചലച്ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികള്‍ക്കായി ഫണ്‍ സയന്‍സ് ഗ്യാലറി, ജ്യോതി ശാസ്ത്ര ഗ്യാലറി, ഓഷ്യന്‍ ഗ്യാലറി, ശാസ്ത്ര പാര്‍ക്ക്, മിറര്‍ ഗ്യാലറി, ശാസ്ത്ര ഗ്യാലറി എന്നിവയും ഇവിടെയുണ്ട്. ഊർജതന്ത്രവുമായി ബന്ധപ്പെട്ട നിരവധി തത്വങ്ങള്‍ ലളിതമായ കളികളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതിനാണ് ഈ കുഞ്ഞന്‍ ശാസ്ത്ര ഗ്യാലറി.

സയൻസ് ഓണ്‍ വീല്‍സ്

ഗണിത ശാസ്ത്രം എളുപ്പമാക്കാന്‍ ഗണിത കൗതുകം എന്ന പേരില്‍ മൊബൈല്‍ എക്‌സിബിഷനും ശാസ്ത്ര കേന്ദ്രത്തില്‍ ഒരുങ്ങുന്നുണ്ട്. രണ്ട് മാസത്തിനുള്ളില്‍ കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. ഗ്രാമീണ മേഖലകളിലെ വിദ്യാലയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്നത്. ഗണിത തത്വങ്ങള്‍ കുട്ടികളിലേക്ക് എളുപ്പത്തിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വാന്‍ സഞ്ചരിക്കുന്നത്.
മേഖലാ ശാസ്ത്രകേന്ദ്രം കൂടുതല്‍ ജനകീയമായത് വി എസ് രാമചന്ദ്രന്‍ ഡയറക്ടറായിരിക്കുമ്പോഴാണ്. നിരവധി പ്രോഗ്രാമുകള്‍ അദ്ദേഹം ചുമതല വഹിച്ചിരുന്ന കാലയളവില്‍ ഇവിടെ നടന്നിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും ശാസ്ത്രകാരന്മാരും സമൂഹത്തിലെ ഉന്നതരും ഇവിടെ സ്ഥിരം സന്ദര്‍ശകരായി. അവരില്‍ പലരും പ്രദര്‍ശനങ്ങളുടെ ഉദ്ഘാടകരായും മാറി. മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ബിനോയ് കുമാര്‍ ദുബെയുടെ കാഴ്ചപ്പാടുകളും ശാസ്ത്ര കേന്ദ്രത്തിന്റെ ഇപ്പോഴുള്ള വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാണ്. ശാസ്ത്രത്തോടൊപ്പം ഗണിതവും ലളിതമാക്കാനുള്ള പ്രയത്‌നത്തിലാണ് കേന്ദ്രമിപ്പോള്‍. ചൊവ്വ പര്യവേഷണവുമായി ബന്ധപ്പെട്ടുള്ള പല അറിവുകളും ശാസ്ത്രലോകത്തെ അണിയറ നീക്കങ്ങളും അറിയാന്‍ ശാസ്ത്ര കുതുകികളായ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കാത്തിരിക്കുകയാണ്. ബഹിരാകാശ ലോകത്ത് ശാസ്ത്രം നടത്തുന്ന മുന്നേറ്റങ്ങളും കണ്ടുപിടിത്തങ്ങളും എത്രത്തോളമായെന്നുള്ളത് എളുപ്പത്തില്‍ മനസ്സിലാക്കാനും പഠിക്കാനുമൊക്കെയായി നിരവധിയാളുകള്‍ ശാസ്ത്രകേന്ദ്രവുമായി ബന്ധപ്പെടാറുണ്ട്. പ്രപഞ്ചവിസ്മയങ്ങളും ശാസ്ത്രപ്രതിഭാസങ്ങളുമെല്ലാം അഭ്യസ്തവിദ്യരോടും സാധാരണക്കാരോടും ഫലപ്രദമായി സംവദിക്കുന്നതില്‍ ദീര്‍ഘകാലാനുഭവങ്ങള്‍കൊണ്ട് നേടിയെടുത്ത ഈ മികവാണ് കോഴിക്കോട് പ്ലാനറ്റേറിയത്തെ ക്രിയേറ്റീവ് മ്യൂസിയം ഡിസൈനേഴ്‌സ് എന്ന വലിയ സംരംഭത്തിന്റെ ഭാഗമാക്കുന്നത്.

ക്രിയേറ്റീവ് മ്യൂസിയം ഡിസൈനേഴ്‌സ്

നാഷനല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയംസിന്റെ (സി എം ഡി) ഭാഗമാണ് ക്രിയേറ്റീവ് മ്യൂസിയം ഡിസൈനേഴ്‌സ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ സംരംഭം. എന്‍ സി എസ് എം ശൃംഖലയിലുള്ള സ്ഥാപനങ്ങളിലെ സാങ്കേതികവിദഗ്ധരുടെ വിഭവശേഷി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന രീതിയില്‍ ആവശ്യക്കാര്‍ക്കനുസരിച്ച് സയന്‍സ് പാര്‍ക്കുകളും മ്യൂസിയങ്ങളും പ്ലാനറ്റേറിയങ്ങളും ഏറ്റവും മികച്ച രീതിയില്‍ നിർമിച്ച് നല്‍കുന്നതാണ് ക്രിയേറ്റീവ് മ്യൂസിയം ഡിസൈനേഴ്‌സിന്റെ ജോലി. സ്വന്തമായി സയന്‍സ് മ്യൂസിയങ്ങള്‍ നിർമിച്ചുപോന്നിരുന്ന നാഷനല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തിന്റെ വൈദഗ്ധ്യം മ്യൂസിയം നിർമാണത്തിലും എക്‌സിബിഷന്‍ ഹാളുകളുടെ നിര്‍മിതിയിലും ആവശ്യക്കാരായ സ്ഥാപങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യം. നിലവില്‍ ഏഴ് പദ്ധതികള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിരവധി പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്റെ പാതയിലുമാണ്.

ബീഹാറിലെ പട്‌നയില്‍ സഞ്ജയ് ഗാന്ധി ബയോളജിക്കല്‍ പാര്‍ക്ക് (എസ് ജി ബി പി) നിർമിച്ചാണ് ക്രിയേറ്റീവ് ഡിസൈനേഴ്‌സ് ഈ മേഖലയിലേക്ക് കാലെടുത്തുവെച്ചത്. ശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവുകള്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കാനും, പ്രത്യേകിച്ച് വിദ്യാർഥികള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുകയുമായിരുന്നു ലക്ഷ്യം. സി എം ഡിയുടെ മ്യൂസിയം നിർമാണ മേഖലയിലെ വൈദഗ്ധ്യത്തെക്കുറിച്ച് കേട്ടറിഞ്ഞതോടെയാണ് എസ് ജി ബി പി ക്രിയേറ്റീവ് മ്യൂസിയം ഡിസൈനേഴ്‌സിനെ സമീപിച്ചത്. 2018 ഫെബ്രുവരി രണ്ടിന് പ്രവര്‍ത്തനം തുടങ്ങിയ പദ്ധതി 2019 ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ സി എം ഡിയുടെ നേതൃത്വത്തിലാണ് ആര്‍ ബി ഐ മ്യൂസിയം ആൻഡ് ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്റര്‍ നിർമിച്ചത്. റിസര്‍വ് ബേങ്കിന്റെ ഉത്ഭവവും ചരിത്രവും ഏതൊരു വ്യക്തിക്കും മനസ്സിലാക്കാന്‍ പറ്റാവുന്ന തരത്തിലാണിത് നിർമിച്ചിരിക്കുന്നത്. കൂടാതെ പഴയ നാണയങ്ങള്‍, മുഗളന്മാരുടെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും കാലഘട്ടത്തിലെ സാമ്പത്തിക ഉപകരണങ്ങളുടെ പുരാവസ്തുക്കള്‍ തുടങ്ങിയവയുമുണ്ട്. കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക ഇടവും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടം കുട്ടികള്‍ക്ക് പ്രദര്‍ശനങ്ങളുമായി സംവദിക്കാനും അടുത്തറിയാനും അവയുടെ പ്രാധാന്യത്തെക്കുറിച്ച് പഠിക്കാനും സാധിക്കും. 2013 ജൂണ്‍ 24ന് നിർമാണം തുടങ്ങി 2018 സെപ്തംബര്‍ 17ന് പദ്ധതി പൂര്‍ത്തിയാക്കി കൈമാറി. 64 കോടിയായിരുന്നു ഇതിന്റെ നിർമാണച്ചെലവ്. ചെന്നൈയില്‍ തമിഴ്‌നാട് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്ററിനായി ഹാള്‍ ഓഫ് ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനും നിർമിച്ചത് സി എം ഡിയാണ്. 6,500 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇവിടുത്തെ പ്രദര്‍ശന ഗ്യാലറി. 20 കോടി മുതല്‍മുടക്കിയാണ് നിർമാണ പ്രവര്‍ത്തങ്ങള്‍ നടത്തിയത്. ന്യൂക്ലിയര്‍ പവര്‍ കോർപറേഷന്‍ ഓഫ് ഇന്ത്യയാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്. ആണവോർജത്തേയും പരമ്പരാഗത ഫോസില്‍ ഇന്ധന സ്രോതസ്സുകളെയും ഇവിടെ പരിചയപ്പെടുത്തും. കൂടാതെ ആണവോര്‍ജത്തെക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റിധാരണകളെ ഇല്ലാതെയാക്കുകയാണ് പ്രദര്‍ശനം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ആണവോർജത്തിന്റെ കാര്യം വളരെ യുക്തിസഹവും ശാസ്ത്രീയവുമായ അടിത്തറയില്‍ അവതരിപ്പിക്കുകയും ആണവോർജ ഉത്പാദന പ്രക്രിയയുടെ എല്ലാ വശങ്ങളും വിശദീകരിക്കുകയും ചെയ്യുന്നു. 2016 ആഗസ്റ്റ് പത്തിനായിരുന്നു പദ്ധതി പൂര്‍ത്തിയാക്കി കൈമാറിയത്. ഡോ. ബാബാ സാഹേബ് അംബേദ്കര്‍ മറാത്ത്‌വാര സര്‍വകലാശാലക്കായി സയന്‍സ് ഗ്യാലറികള്‍ തയ്യാറാക്കിയതും ഇതേ കൂട്ടായ്മ തന്നെയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അവിടുത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ ഉന്നതിയുണ്ടാക്കുകയായിരുന്നു അടിസ്ഥാന ലക്ഷ്യം. 2014 ല്‍ നിർമാണം തുടങ്ങി 2017 സെപ്തംബര്‍ ഏഴിന് പദ്ധതി പൂര്‍ത്തിയാക്കി നല്‍കുകയായിരുന്നു. കൂടാതെ ഉത്തര്‍പ്രദേശിലെ രാംപൂരിലെയും ഗോരഖ്പൂരിലെയും ജ്യോതിശാസ്ത്ര ഗ്യാലറികളും സി എം ഡിയുടെ മികവിന്റെ അടയാളപ്പെടുത്തലാണ്. ഡല്‍ഹിയിലെ നാഷനല്‍ സയന്‍സ് സെന്റര്‍ ക്രിയേറ്റീവ് മ്യൂസിയമാണ് ഈ പ്രോജക്റ്റ് നല്‍കിയത്. ത്രീഡി ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയാണ് ഇവിടങ്ങളില്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സൂറത്ത് ത്രീഡി തിയറ്ററും ഈ സംഘം നിർമിച്ചിട്ടുണ്ട്. ഗുജറാത്ത് സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. ത്രീഡി തിയറ്റര്‍ 45 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് ഇവര്‍ വിഭാവനം ചെയ്തത്. 2015 ജനുവരി ആദ്യത്തില്‍ പദ്ധതി പൂര്‍ത്തിയാക്കി കൈമാറുകയും ചെയ്തു.

ഗാന്ധി ഓർമകള്‍ക്കായി ഗാന്ധി സ്മാരക കേന്ദ്രവും ഇവരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തക്കടുത്തുള്ള ബാരക്്പൂരിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഗാന്ധി ഉപയോഗിച്ച വസ്തുക്കൾ, ഫോട്ടോഗ്രാഫുകള്‍, പത്രക്കുറിപ്പുകള്‍ തുടങ്ങി അമ്യൂല്യ വസ്തുക്കള്‍ ഇവിടെയുണ്ട്. സര്‍ക്കാറിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റാണ് ഇത് നടത്തുന്നത്. 2015 മാര്‍ച്ചിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രണ്ടാം ഘട്ടത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. അതിനാല്‍ മ്യൂസിയത്തിന്റെ ഒരു ഭാഗം മാത്രമേ സന്ദര്‍ശകര്‍ക്കായി ഇപ്പോള്‍ തുറന്നുനല്‍കിയിട്ടുള്ളൂ. ഗുവാഹത്തിയിലെ കെ ടി മലാവിയ നാഷനല്‍ ഓയില്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഓയില്‍ മ്യൂസിയമാണ് ഒരുക്കുന്നത്. മൂന്നര ഏക്കര്‍ വിസ്തൃതിയിലാണ് മ്യൂസിയം സ്ഥാപിതമാകുന്നത്. ഓപ്പണ്‍ എയര്‍ ഓയില്‍ പാര്‍ക്ക് ആയിരിക്കും മ്യൂസിയത്തിന്റെ മുഖ്യ ആകര്‍ഷണം. ഇതിലൂടെ ഖനനത്തിന്റെ എല്ലാ ഘട്ടങ്ങളും മനസ്സിലാക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിയും. നിലവില്‍ മ്യൂസിയത്തിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കുകയും കെട്ടിട നിർമാണത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ത്രിപുര സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ടി എസ് സി എസ്് ടി) ക്കായി സയന്‍സ് സിറ്റി കോംപ്ലക്‌സാണ് നിർമാണത്തിലിരിക്കുന്ന മറ്റൊരു പ്രോജക്ട്. വിജ്ഞാന്‍ ഗ്രാം എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. 15 ഏക്കറില്‍ ഒരുങ്ങുന്ന കോംപ്ലക്‌സില്‍ പ്ലാനറ്റേറിയം, ത്രീഡി തിയറ്റര്‍, ഏഴ് തീമാറ്റിക് എക്‌സിബിഷന്‍ ഗ്യാലറികള്‍, ഒരു ഔട്ട്‌ഡോര്‍ എക്‌സിബിറ്റ് കോംപ്ലക്‌സ് ഏരിയ, വിനോദത്തിനായി പാര്‍ക്ക് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ് കൗണ്‍സില്‍ ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിക്ക് വേണ്ടിയുള്ള മൂന്ന് പ്ലാനറ്റേറിയം നിർമാണ ജോലികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റാഞ്ചിയിലും ഡുംക്കയിലും ഡോഗറിലുമാണ് പുതിയ പ്ലാനറ്റേറിയങ്ങള്‍ വരുന്നത്. കൂടാതെ സൂറത്തിലെ സയന്‍സ് പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മ്യൂസിയത്തിലെ അഞ്ച് ഗ്യാലറികളുടെയും കുട്ടികളുടെ ഏരിയയുടെയും പ്രവര്‍ത്തനവും നടന്നുകൊണ്ടിരിക്കുകയാണ്. കോട്ടയം കുറുവിലങ്ങാട് കോഴയില്‍ സ്ഥാപിച്ച സയന്‍സ് സിറ്റി ശ്രദ്ധേയമാണ്. 30 ഏക്കറിലാണിത്. ശാസ്ത്ര സാങ്കേതിക ഗ്യാലറികളും ശാസ്ത്രപാര്‍ക്കും ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്റര്‍, പ്ലാനറ്റേറിയം, മറൈന്‍ ബയോളജി ഗ്യാലറി, ഫണ്‍ സയന്‍സ് ഗ്യാലറി, എമര്‍ജിംഗ് ടെക്‌നോളജി, ത്രീഡി തിയറ്റര്‍, ഇന്നൊവേഷന്‍ ഹബ്, ഓഡിറ്റോറിയം തുടങ്ങിയവയുടെ ആദ്യഘട്ട പണികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സെന്ററിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തികരിച്ചാല്‍ ഉടന്‍തന്നെ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും.

Latest