minister p rajeev
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അടിയന്തര അനുമതി നല്‍കണം: മന്ത്രി പി രാജീവ്
കേന്ദ്ര വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി | കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രമന്ത്രിസഭ അടിയന്തരമായി അനുമതി നല്‍കണമെന്ന് കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ന്യൂഡല്‍ഹി കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ലമെന്റ് ഹൗസില്‍ വെച്ചാണ് കേന്ദ്ര വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവല്പ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റിന്റെ (എന്‍ ഐ സി ഡി ഐ ടി) ബോര്‍ഡ് 2022 ഡിസംബര്‍ 14ന് 3815 കോടിയുടെ ഈ പദ്ധതി അംഗീകരിച്ചതാണ്. എന്നാല്‍, ഒന്നര വര്‍ഷമായിട്ടും കേന്ദ്രമന്ത്രിസഭ ഇതിനുള്ള അനുമതി നല്‍കിയിട്ടില്ല. ഇതാണ് ഗൗരവതരമായ പ്രശ്‌നം. സാമ്പത്തികമായ പരിമിതിക്കിടയിലാണ് ഈ ഫ്ളാഗ്ഷിപ്പ് പദ്ധതിക്കായി കേരളം 1,194 കോടി രൂപ ചെലവഴിച്ച് 1,152.23 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. കേന്ദ്ര സര്‍ക്കാറില്‍നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു.
കേരളത്തിന്റെ വ്യവസായ മേഖലയിലെ മുന്നേറ്റത്തിനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഏറെ പ്രധാനപ്പെട്ട പദ്ധതിയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി. ഇതിനായി പാലക്കാട് ജില്ലയില്‍ പുതുശ്ശേരി, കണ്ണമ്പ്ര മേഖലകളിലായി സംസ്ഥാനം ഭൂമി ഏറ്റെടുത്തത് 10 മാസം കൊണ്ട് റെക്കോര്‍ഡ് വേഗത്തിലാണ്. വ്യവസായ ഇടനാഴിക്കായി ഏറ്റവും വേഗത്തില്‍ സ്ഥലം ഏറ്റെടുത്ത സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്രവ്യവസായ മന്ത്രിയും മറ്റ് മന്ത്രിമാരും അഭിനന്ദിച്ചതാണ്.
സംസ്ഥാനത്തിനായി കിന്‍ഫ്രയും കേന്ദ്രത്തിനായി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവല്പ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും ചേര്‍ന്ന സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ആണ് (എന്‍ ഐ സി ഡി ഐ ടി) പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് ഭൂമി കൈമാറാനുള്ള തീരുമാനവും എടുത്തു.
വ്യവസായ ഇടനാഴിക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് സംസ്ഥാനം വഹിക്കുകയും സമാനമായ തുക അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ വഹിക്കുകയും ചെയ്യണം. ഡി പി ആര്‍ തയ്യറാക്കുന്നതും കണ്‍സള്‍ട്ടന്‍സി നിര്‍വ്വഹിക്കുന്നതും സംയുക്ത സംവിധാനമാണ്. സംസ്ഥാനത്തിന്റെ നടപടികള്‍ എല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ തുടര്‍ച്ചയായി ഗ്ലോബല്‍ സിറ്റി കൊച്ചിയില്‍ സ്ഥാപിക്കുന്നതിന് 2020 ആഗസ്റ്റ് 19ന് അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാനും ഡി പി ആറും തയ്യാറാക്കുന്നതിനായി എന്‍ ഐ സി ഡി ഐ ടി തന്നെ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി. ഗിഫ്റ്റ് സിറ്റി എന്നാണ് അന്ന് അംഗീകരിച്ചത്. എറണാകുളം ജില്ലയില്‍ അയ്യമ്പുഴ പഞ്ചായത്തില്‍ 358 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ വിജ്ഞാപനവും ചെയ്തു.
358 ഏക്കറിന് 850 കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ച് അംഗീകാരവും നല്‍കി. ഈ ഘട്ടത്തില്‍ എന്‍ ഐ സി ഡി ഐ ടിയുടെ ആവശ്യപ്രകാരം ഗിഫ്റ്റ് സിറ്റി എന്ന പേര് മാറ്റി ഗ്ലോബല്‍ സിറ്റി എന്നാക്കി. പേര് മാറ്റിയെങ്കിലും ഉള്ളടക്കം പഴയതു പോലെ തന്നെയാണ്. ഐ ടി, ഫിന്‍ടെക് സ്ഥാപനങ്ങള്‍, ജി സി സി (ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍), ഇന്റര്‍ നാഷണല്‍ അക്കൗണ്ടന്‍സി സ്ഥാപനങ്ങള്‍, റിസര്‍ച്ച് ഡവലപ്മെന്റ്, ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഇവിടെ ഉണ്ടാവുക. എന്നാല്‍ 2023 ജനുവരിയില്‍ ഈ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ എന്‍ ഐ സി ഡി ഐ ടി കള്‍സള്‍ട്ടന്‍സിക്ക് നിര്‍ദേശം നല്‍കി. ഇപ്പോള്‍ അതു സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. കേരളത്തിന് ഏറ്റവും സാധ്യതയുള്ള ഈ പദ്ധതിയില്‍ മികച്ച പ്രതീക്ഷയാണുള്ളത്.
ഈ പദ്ധതിക്ക് ഉടന്‍ അംഗീകാരം നല്‍കണമെന്നും കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു. പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ 17ന് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് തന്നെ ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നു. എന്നിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൂടിക്കാഴ്ച നടത്തിയത്.
വിജ്ഞാനാധിഷ്ഠിത വ്യവസായ നയത്തിന് കൂടുതല്‍ അംഗീകാരം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ജനറേറ്റിവ് എ ഐ ക്ലോണ്‍ക്ലേവ് ജൂലൈ 11, 12 തീയതികളില്‍ ഐ ബി എമ്മുമായി ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിക്കും. ആഗസ്റ്റില്‍ ഇന്റര്‍നാഷണല്‍ റോബോട്ടിക്‌സ് റൗണ്ട് ടേബിളും കൊച്ചിയില്‍ സംഘടിപ്പിക്കും. ജനുവരിയില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് സംഘടിപ്പിക്കണമെന്നും മന്ത്രി അറിയിച്ചു.