Kerala
പുതുവത്സരാഘോഷത്തിനൊരുങ്ങി കൊച്ചി; എങ്ങും പഴുതടച്ച സുരക്ഷ
വെളി ഗ്രൗണ്ടില്‍ പരമാവധി 80,000 ആളുകളെ മാത്രം പ്രവേശിപ്പിക്കും
കൊച്ചി | പുതുവത്സരത്തെ വരവേല്‍ക്കാന്‍ കൊച്ചി ആഘോഷത്തിമര്‍പ്പിലേക്ക്. ക്രമസമാധാനം കണക്കിലെടുത്ത് നഗരത്തിലെങ്ങും പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ വിപുലമായ പോലീസ് സന്നാഹത്തെ വിന്യസിക്കും. 1,000 പോലീസുകാര്‍ ഫോര്‍ട്ട് കൊച്ചി മേഖലയില്‍ മാത്രം ഉണ്ടാകമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ കൊച്ചി വാട്ടര്‍ മെട്രോ ഫോര്‍ട്ട് കൊച്ചിയിലേക്കും ഹൈക്കോടതി ജെട്ടിയിലേക്കും അധിക സര്‍വീസ് നടത്തും. ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കും. ബസ് സര്‍വീസുകള്‍ വൈകുന്നേരം നാലോടെ നിര്‍ത്തും. എന്നാല്‍ മെട്രോ സര്‍വീസ് ജനുവരി ഒന്നിന് പുലര്‍ച്ചെ രണ്ട് മണി വരെ ഉണ്ടാകും. മതിയായ സി സി ടി വി ക്യാമറകള്‍ എങ്ങും സ്ഥാപിച്ചിട്ടുണ്ട്.
പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടില്‍ പോലീസ് കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും. കോസ്റ്റല്‍ പോലീസ് നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.
വെളി ഗ്രൗണ്ടില്‍ 80,000 ആളുകളെയായിരിക്കും പരമാവധി പ്രവേശിപ്പിക്കുക. പുതുവര്‍ഷത്തലേന്ന് കൊച്ചിയിലെത്തുന്നവര്‍ക്ക് പാര്‍ക്കിംഗിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18 ഗ്രൗണ്ടുകളിലാണ് പാര്‍ക്കിംഗ് സംവിധാനം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ സ്‌ക്വാഡ് രൂപവത്കരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.