Eranakulam
കൊച്ചിയെ വിഷ മയമാക്കി രാസവായു വ്യാപനം
വില്ലൻ ഫാക്ടറികളിലെയും വാഹനങ്ങളിലെയും പുക
കൊച്ചി | ഫാക്ടറികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ക്രമാതീതമായി ഉയരുന്ന മലിന വായു കൊച്ചി നഗരത്തെ വിഷമയമാക്കുന്നു. എറണാകുളം നഗരത്തിലെ 14 ഓളം സ്ഥലങ്ങളില്‍ വിഷ വായു പടരുന്നതായാണ് റിപോര്‍ട്ട്. മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രാസ ഗന്ധമുള്ള ഹൈഡ്രോ കാര്‍ബണും കൊച്ചിയിലെ അന്തരീക്ഷത്തിലുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്‌പെഷ്യല്‍ കമ്മീഷൻ്റെ റിപോര്‍ട്ടിലുണ്ട്.
കൊച്ചിയിലെ പ്രധാന ഇടമായ കലൂര്‍, കടവന്ത്ര മുതല്‍ വൈറ്റില, വൈപ്പിന്‍ വരെ ഈ മാരക വിഷഗന്ധം എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിഷ വായു പടരുന്ന സാഹചര്യത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക ദൗത്യസംഘത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. രാസഗന്ധം സംബന്ധിച്ച് ആര് പരാതിപ്പെട്ടാലും ഉടനടി പരിശോധന നടത്താനാണ് തീരുമാനം.
വ്യാവസായിക നഗരമായ കൊച്ചിയില്‍ പ്രധാന വ്യവസായങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ഇരുമ്പനം, പാതാളം, ഏലൂര്‍ തുടങ്ങിയ ഇടങ്ങളിലാണ്. ഇവിടത്തെ വായുവില്‍ രാസ ഗന്ധം രൂക്ഷമാണ്. ബി പി സി എല്‍, എച്ച് പി സി എല്‍ തുടങ്ങിയ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളും ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയില്‍ താമസിക്കുന്ന പലര്‍ക്കും ശ്വാസതടസ്സം നേരിടുന്നതായും പരാതികളുണ്ട്.
പ്രാണവായുവിന് രൂക്ഷ രാസ ഗന്ധമുണ്ടായിട്ടും അധികൃതര്‍ ഇതേക്കുറിച്ച് പഠിക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ സെപ്തംബറില്‍ ഇതുസംബന്ധിച്ച് എരൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിദഗ്ധ സമിതിയെ വെച്ച് പഠനം നടത്തിയത്. അന്തരീക്ഷത്തില്‍ കറുത്ത തരികളും രാസ പദാര്‍ഥങ്ങളും തങ്ങിനില്‍ക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ ശ്വാസതടസ്സം നേരിടുന്നുവെന്നായിരുന്നു പരാതി. ഇതിൻ്റെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ ഫാക്ടറികളിലും പരിശോധന നടത്തിയാണ് ട്രൈബ്യൂണല്‍ വിദഗ്ധ സമിതി റിപോര്‍ട്ട് തയ്യാറാക്കിയത്. ഫാക്ടറികളില്‍ നിന്ന് പുറന്തള്ളുന്ന വിഷ ഗന്ധം പത്ത് കിലോ മീറ്ററില്‍ കൂടുതല്‍ പരക്കുന്നതായും റിപോര്‍ട്ടിലുണ്ട്. ഇതിന് പുറമെ നഗരത്തിലുണ്ടായ വാഹനപ്പെരുപ്പവും രൂക്ഷമായ വായു മലിനീകരണത്തിന് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.