Connect with us

Eranakulam

അടുത്ത വര്‍ഷം ഏഷ്യയില്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഒന്നാമതായി കൊച്ചി

കൊച്ചിയുടെ സുസ്ഥിര വികസന നടപടികള്‍, ത്രസിപ്പിക്കുന്ന ജലഗതാഗതം, ഉത്സവങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണമായി ലോകപ്രശസ്ത ട്രാവല്‍ വെബ്സൈറ്റായ കൊണ്ടെ നാസ്റ്റ് എടുത്തു പറയുന്നത്.

Published

|

Last Updated

കൊച്ചി | അടുത്ത വര്‍ഷം ഏഷ്യയില്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കൊച്ചിയെ ഒന്നാമതായി ഉള്‍പ്പെടുത്തി ലോകപ്രശസ്ത ട്രാവല്‍ വെബ്സൈറ്റായ കൊണ്ടെ നാസ്റ്റ്. കൊച്ചിയുടെ സുസ്ഥിര വികസന നടപടികള്‍, ത്രസിപ്പിക്കുന്ന ജലഗതാഗതം, ഉത്സവങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണമായി ഇതില്‍ എടുത്തു പറയുന്നത്.

നൂറ്റാണ്ടുകളായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് കൊച്ചിയിലെ ജലഗതാഗതമെന്ന് വെബ്സൈറ്റ് ചൂണ്ടിക്കാട്ടി. 14-ാം നൂറ്റാണ്ട് മുതലുള്ള അറബ്, ചൈനീസ്, യൂറോപ്യന്‍ സഞ്ചാരികള്‍ ജലഗതാഗതത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കി.മി ദൈര്‍ഘ്യമുള്ള വാട്ടര്‍മെട്രോ വിപ്ലവകരമായ മാറ്റമാണുണ്ടാക്കാന്‍ പോകുന്നത്. 2024 ല്‍ ഇത് പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുമെന്നതും പ്രതീക്ഷയുണര്‍ത്തുന്നു.

ഇതു കൂടാതെ പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം കൊച്ചിയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലും ഇവിടെത്തന്നെയാണെന്ന് ലേഖനത്തില്‍ പറയുന്നു.

അടുത്ത വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ ബൃഹത്തായ പദ്ധതിയാണ് ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്നത്. മൂന്നാര്‍ മുതല്‍ കോഴിക്കോട് വരെയും, തൃശൂര്‍ പൂരം മുതല്‍ കൊച്ചി മുസിരിസ് ബിനാലെ വരെയുമുള്ള ടൂറിസം ഇടനാഴി മികച്ചതാണ്. ചൈനീസ് വലയിലെ മീന്‍ പിടുത്തവും, കണ്ടല്‍ക്കാടുകളിലൂടെയുള്ള വഞ്ചിയാത്രയും, ഭാരതപ്പുഴയിലൂടെയുള്ള യാത്രയുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കും. പൊക്കാളിപ്പാടങ്ങള്‍, പാലക്കാടന്‍ ഗ്യാപ്പ്, പൊന്നാനി അങ്ങാടി എന്നിവയെല്ലാം മികച്ചതാക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

സുസ്ഥിര ലക്ഷ്യങ്ങളും ഉത്തരവാദിത്ത ടൂറിസം മാനദണ്ഡങ്ങളും പാലിക്കുന്നതിലെ നിഷ്കര്‍ഷയും സാംസ്ക്കാരിക ഉത്സവങ്ങളിലെ ടൂറിസം സാധ്യതകള്‍ കണ്ടെത്തിയതും, പൊതുജന പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൈം മാസികയുടെ 2022 ലെ ഗ്രേറ്റസ്റ്റ് പ്ലേസസ് പട്ടികയിലും, ന്യൂയോര്‍ക്ക് ടൈംസിന്‍റെ മികച്ച 52 സ്ഥലങ്ങളുടെ പട്ടികയിലും കേരളം ഇടം പിടിച്ചിരുന്നു. ടൂറിസം വകുപ്പിന്‍റെയും ടൂറിസം വ്യവസായ സംരംഭങ്ങളുടെയും യാത്ര ശരിയായ ദിശയിലാണെന്നതിന്‍റെ തെളിവ് കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനസമൂഹത്തിന്‍റെ വൈവിദ്ധ്യങ്ങള്‍, സാംസ്ക്കാരിക ഉത്സവങ്ങള്‍, പൈതൃക-ആധുനിക നാഗരികത എന്നിവയാണ് കൊച്ചിയെ വേറിട്ടു നിറുത്തുന്നതെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു.

Latest