Connect with us

Kerala

കൊടകര കുഴല്‍പ്പണക്കേസ്: ഇ ഡി രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമായെന്ന് എം വി ഗോവിന്ദന്‍

29ന് കൊച്ചി ഇ ഡി ഓഫീസിലേക്ക് സി പി എം മാര്‍ച്ച്

Published

|

Last Updated

തിരുവനന്തപുരം | കൊടകര കുഴല്‍പ്പണക്കേസില്‍ ഇ ഡി രാഷ്ട്രീയപ്രേരിതമാണെന്ന പാര്‍ട്ടി വാദം ശരിയാണെന്ന് വ്യക്തമായതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസ് എങ്ങനെ ശാസ്ത്രീയമായി ഇല്ലാതാക്കാമെന്ന് തെളിഞ്ഞു. ബി ജെ പി നേതാക്കള്‍ക്ക് ഒരു പോറലുമേല്‍ക്കാതെയാണ് ഇ ഡിയുടെ കുറ്റപത്രം. ബി ജെ പിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തി എഴുതിയ ശേഷമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

കെ സുരേന്ദ്രന്റെ അനുമതിയോടെയാണ് കള്ളപ്പണം വന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. കേരള പോലീസ് അന്വേഷിച്ച് കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ ഡിക്ക് കൈമാറി. വര്‍ഷങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും ഇ ഡി കേസ് അന്വേഷിക്കാന്‍ തയ്യാറായില്ല. ഹൈക്കോടതി നോട്ടീസ് അയച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് ഇ ഡി തയ്യാറായതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കള്ളപ്പണക്കേസിന്റെ രൂപം ഇപ്പോള്‍ മാറിയിരിക്കുകയാണ്. ആലപ്പുഴയില്‍ തിരുവിതാംകൂര്‍ പാലസിന്റെ വസ്തു വാങ്ങാന്‍ ഡ്രൈവര്‍ സംഗീതിന്റെ കൈയില്‍ ധര്‍മരാജ് കൊടുത്തുവിട്ട 3.56 കോടി രൂപ കൊള്ളയടിക്കപ്പെട്ടുവെന്ന രീതിയിലാണ് കേസ് മാറ്റിയിരിക്കുന്നത്. ഈ വിചിത്രവാദം ആര്‍ക്കെങ്കിലും മനസിലാകുമോ എന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.

ഇ ഡിക്കെതിരെ ജനകീയ വികാരം ഉണരണം. ഈ മാസം 29ന് കൊച്ചി ഇ ഡി ഓഫീസിലേക്ക് സി പി എം മാര്‍ച്ച് സംഘടിപ്പിക്കും. ലോക്കല്‍ മുതല്‍ ജില്ലാ തലത്തില്‍ വരെ പ്രതിഷേധം നടത്തും. തൃശൂര്‍ കേന്ദ്രീകരിച്ചും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.