Kerala
കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണം: എം വി ഗോവിന്ദന്‍
ഈ ഉപതിരഞ്ഞെടുപ്പിലും ഈ കള്ളപ്പണം പണം ഉപയോഗിക്കുന്നു.
തിരുവനന്തപുരം | കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ ഗുരതരമാണെന്നും കോടികളുടെ കള്ളപ്പണം സംസ്ഥാനത്തെ ബിജെപി ഓഫീസുകളിലേക്ക് എത്തിയെന്നും ഗോവിന്ദന്‍ പറഞ്ഞു.
കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നത് ബിജെപിയുടെ രീതിയാണ്. കൊടകര കേസ് കള്ളപ്പണം വിതരണം ചെയ്തതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. ഈ കള്ളപ്പണം വരുന്നതിന് മുന്‍പെ വിതരണം ചെയ്യുന്നതിന് വേണ്ട ഏര്‍പ്പാടുകള്‍ സംസ്ഥാന നേതൃത്വം ചെയ്തിരുന്നെന്നും ഗോവിന്ദന്‍ ആരോപിച്ചു. കേരളത്തിലുടനീളം ഇത്തരത്തില്‍ കള്ളപ്പണം വിതരണം ചെയ്തിട്ടുണ്ട്. എല്ലാം വിതരണവും ബിജെപി നേതൃത്വത്തെ അറിവോടെയാണ്.
ബിജെപി എന്തുകൊള്ള നടത്തിയാലും അന്വേഷിക്കേണ്ടതില്ലെന്നതാണ് ഇഡിയുടെ നിലപാട്. ബിജെപി എന്താണോ ആഗ്രഹിക്കുന്നത് ആതാണ് ഇഡി ചെയ്യാന്‍ പോകുന്നത്. കൊടകരക്കേസില്‍ അന്വേഷണം കൃത്യമായി നടത്തി ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിന്റെ മേല്‍ ഇഡി തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.ഈ ഉപതിരഞ്ഞെടുപ്പിലും ഈ കള്ളപ്പണം പണം ഉപയോഗിക്കുന്നു. ഇഡിയെ രാഷ്ട്രീയ ഉപകരണമായി ബിജെപി ഉപയോഗിക്കുകയാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.