Kerala
കൊടകര കുഴല്‍പ്പണക്കേസ് വെളിപ്പെടുത്തല്‍: സമഗ്രാന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍
ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്‍ തിരൂരിനെ ചോദ്യം ചെയ്യണം.
തിരുവനന്തപുരം | കൊടകര കുഴല്‍പ്പണക്കേസ് വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെളിപ്പെടുത്തല്‍ നടത്തിയ ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്‍ തിരൂരിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം വേണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവു ആവശ്യപ്പെട്ടിരുന്നു. പണം ആര് അയച്ചെന്നും അത് എങ്ങോട്ട് പോയെന്നും എങ്ങോട്ട് പോകുന്ന പണമാണ് ഇതെന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്ക് ഉണ്ട്. എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാനത്ത് ഉപ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി നേതൃത്വത്തെ ഏറെ പ്രതിസന്ധിയിലാക്കിയ കേസായിരുന്നു ഇത്.
‘അന്ന് കൊണ്ടുവന്നത് പാര്‍ട്ടി പണം തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ചാക്കില്‍ കെട്ടിയാണ് പണം എത്തിച്ചതെന്നുംസതീശന്‍ തിരൂര്‍ പറഞ്ഞു. കോഴിക്കോട് സ്വദേശി ധര്‍മ്മരാജാണ് പണമെത്തിച്ചത്. ധര്‍മ്മരാജന് ബി ജെ പി മുറിയെടുത്ത് നല്‍കി. സ്വാഭാവികമായിട്ടും വിചാരണ സമയത്ത് കോടതിയില്‍ പറയാനിരുന്ന കാര്യങ്ങളാണ്. മനസ്സിലിരുന്ന് കുറേനാളായി വിങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചതുകൊണ്ടാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. തൃശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെ നിന്നും കൊണ്ടുപോയി. പണമെത്തുന്ന കാര്യം നേതൃത്വത്തിന് അറിയാമായിരുന്നു.’- സതീശന്‍ പറഞ്ഞു.
നിയമ നടപടിക്ക് ബി ജെ പി
സതീശന്‍ തിരൂരിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി ജെ പി വ്യക്തമാക്കി. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ പറഞ്ഞു.