editorial
കൊടകര: സമഗ്ര അന്വേഷണം വേണം
സംസ്ഥാനത്ത് മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബി ജെ പിക്ക് കനത്ത ആഘാതമാണ് സതീഷിന്റെ വെളിപ്പെടുത്തൽ. പാർട്ടി പ്രാദേശിക നേതാവ് തന്നെ സത്യം തുറന്നുപറഞ്ഞ സാഹചര്യത്തിൽ ഇനി തങ്ങൾക്ക് ബന്ധമില്ലെന്ന് പറഞ്ഞ് നേതൃത്വത്തിന് തടിയൂരാനാകില്ല.
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബി ജെ പി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൽ പുതുമയോ അമ്പരപ്പോ ഇല്ല. 2021ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പ്രചാരണാവശ്യാർഥം എത്തിച്ച പണമായിരുന്നു കൊടകരയിൽ കൊള്ള ചെയ്യപ്പെട്ടതെന്ന് പരാതിക്കാരനും ബി ജെ പി പ്രവർത്തകനുമായ ധർമരാജൻ തുടക്കത്തിൽ പോലീസിൽ മൊഴി നൽകിയതാണ്.
പാർട്ടിയുടെ സമ്മർദത്തെ തുടർന്ന് ധർമരാജൻ പിന്നീട് മൊഴി മാറ്റി. യുവമോർച്ച മുൻ സംസ്ഥാന നേതാവ് സുനിൽ നായിക്കിന്റെ വാണിജ്യാവശ്യാർഥമുള്ള പണമായിരുന്നു അതെന്ന് തിരുത്തിപ്പറയുകയായിരുന്നു. എന്നാൽ, അത് ബി ജെ പിക്ക് വേണ്ടിയെത്തിച്ച കുഴൽപ്പണമായിരുന്നുവെന്ന് കേസന്വേഷിച്ച പ്രത്യേക സംഘം സ്ഥിരീകരിച്ചതാണ്. ഇരിങ്ങാലക്കുട കോടതിയിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലും ഇത് വ്യക്തമാക്കുന്നുണ്ട്. ഏത് സാമ്പത്തിക കുറ്റകൃത്യങ്ങളിലും ചാടിവീഴുന്ന എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് ഈ കേസിൽ അന്വേഷണം നടത്താതെ വിട്ടുനിൽക്കുന്നതും കൊള്ളയടിക്കപ്പെട്ട പണത്തിന് ബി ജെ പിയുമായുള്ള ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
2021 ഏപ്രിൽ നാലിന്, നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് നാൾ മുമ്പാണ് കൊടകരയിൽ അജ്ഞാതർ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറ് തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി രൂപ കവർന്നത്. തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവർ ജംഷീർ ഇതുസംബന്ധിച്ച് കൊടകര പോലീസിൽ പരാതിപ്പെടുന്നത് മൂന്ന് ദിവസം കഴിഞ്ഞ് ഏപ്രിൽ ഏഴിന് രാത്രിയാണ്. പരാതി നൽകുന്നതിൽ വന്ന ഈ കാലതാമസം സംശയങ്ങൾക്കിടയാക്കിയിരുന്നു. അതിനിടെ ബി ജെ പിയിലെ ചേരിപ്പോരാണ് കവർച്ചക്ക് പിന്നിലെന്നും പാർട്ടിയിലെ ഒരു വിഭാഗം തന്നെയാണ് കവർച്ച നടത്തിയതെന്നുമുള്ള വിവരവും പുറത്തുവന്നു.
തൃശൂർ വാടാനപ്പള്ളിയിൽ ഇതുമായി ബന്ധപ്പെട്ട് ബി ജെ പി പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടിക്കുകയും ഒരു പ്രവർത്തകന് കത്തിക്കുത്തേൽക്കുകയും ചെയ്തിരുന്നു.
കൊള്ളയടിക്കപ്പെട്ടത് ബി ജെ പിയുടെ തിരഞ്ഞെടുപ്പാവശ്യാർഥമെത്തിയ പണം തന്നെയായിരുന്നുവെന്നും ആറ് ചാക്കുകളിലായാണ് പണം തൃശൂരിലെ പാർട്ടി ഓഫീസിൽ എത്തിയതെന്നുമാണ് അന്ന് ഓഫീസ് സെക്രട്ടറിയായിരുന്ന സതീഷ് വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. പണമെത്തിച്ച ധർമരാജന് താമസിക്കാൻ ലോഡ്ജിൽ മുറിയെടുത്തു നൽകിയത് പാർട്ടിയാണ്. ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് തൃശൂർ ജില്ലാ ഭാരവാഹികൾ പ്രസ്തുത പണം കൈകാര്യം ചെയ്തത്. തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി ഓഫീസിലേക്ക് പണത്തിന്റെ പ്രവാഹമായിരുന്നു. തൃശൂരിൽ കൊണ്ടുവന്ന പണത്തിൽ നിന്ന് ജില്ലക്കുള്ള വിഹിതമെടുത്തു ബാക്കി തെക്കൻ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുകായിരുന്നുവെന്നും സതീഷൻ വെളിപ്പെടുത്തി. ആ യാത്രക്കിടെയാണ് പണം കവർച്ച ചെയ്യപ്പെടുന്നത്. എന്നാൽ പാർട്ടിയുമായി ഇതിനൊരു ബന്ധവുമില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ബി ജെ പി നേതാക്കൾ പറയുന്നത്.
കവർച്ച സംബന്ധിച്ച കേസന്വേഷണം തുടക്കത്തിൽ സജീവമായി മുന്നോട്ടുപോകുകയും 23 പേർ അറസ്റ്റിലാകുകയും ചെയ്തു. കെ സുരേന്ദ്രൻ ഉൾപ്പെടെ പാർട്ടി നേതാക്കൾ കേസിൽ സാക്ഷികളുമാണ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വിളിച്ചുവരുത്തി പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം പണമെത്തിയ വഴി കണ്ടെത്തി കോടതിയിൽ ഒന്നാംഘട്ട കുറ്റപത്രം സമർപ്പിച്ചതോടെ കേസന്വേഷണം തണുത്തു. ബി ജെ പി നേതാക്കളും പ്രവർത്തകരും പ്രതികളാകുന്ന കേസുകളിൽ സംസ്ഥാനത്ത് സാധാരണ സംഭവിക്കുന്ന പ്രതിഭാസമാണിത്. തുടർന്ന് കേസ് ഏറ്റെടുക്കാൻ എൻഫോഴ്‌സ്മെന്റ്ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ട് പോലീസ് തടിയൂരി. സംസ്ഥാനം ആവശ്യപ്പെടാതെ ഇത്തരം കേസുകൾ ഏറ്റെടുക്കുന്ന ഇ ഡിയാകട്ടെ കൊടകര കവർച്ചാ കേസിനോട് മുഖം തിരിക്കുകയായിരുന്നു.
മോദിസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷം ജനാധിപത്യ മാർഗേണയും ജനാധിപത്യത്തെ കൊലചെയ്തും മിക്ക സംസ്ഥാനങ്ങളിലും ബി ജെ പി ആധിപത്യം നേടുകയോ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തെ പിടിയിലൊതുക്കാൻ അടവുകൾ പതിനെട്ട് പയറ്റിയിട്ടും പാർട്ടിക്ക് സാധിച്ചിട്ടില്ല. 2016ൽ നേമം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഒ രാജഗോപാൽ വിജയിച്ചിരുന്നെങ്കിലും അതദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.
ഈ സാഹചര്യത്തിൽ 2021ലെ തിരഞ്ഞെടുപ്പിൽ അഞ്ച് പേരെയെങ്കിലും നിയമസഭയിലെത്തിക്കണമെന്നായിരുന്നു ബി ജെ പിയുടെ പദ്ധതി. തെളിഞ്ഞും ഒളിഞ്ഞും കൊണ്ടുപിടിച്ച പ്രവർത്തനമാണ് തിരഞ്ഞെടുപ്പിൽ പാർട്ടി നടത്തിയത്. ഇതിന്റെ ഭാഗമായി വോട്ട് വിലക്കു വാങ്ങാനുളള പണമാണ് തൃശൂരിലുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2021 മാർച്ച് അഞ്ച് മുതൽ ഏപ്രിൽ അഞ്ച് വരെ കേരളത്തിൽ ബി ജെ പി പണം വിതരണം ചെയ്തതായി കൊടകര കേസന്വേഷണത്തിനിടെ പോലീസിനു വിവരം ലഭിച്ചിരുന്നു.
സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബി ജെ പിക്ക് കനത്ത ആഘാതമാണ് സതീഷിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബി ജെ പിയെയും പാർട്ടി നേതൃത്വത്തെയും ഏറെ പ്രതിസന്ധിയിലാക്കിയ സംഭവമാണ് കൊടകര കേസ്. അന്ന് പാർട്ടിക്ക് വന്ന പണമല്ലെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ബി ജെ പി നേതൃത്വം. പാർട്ടി പ്രാദേശിക നേതാവ് സത്യം തുറന്നു പറഞ്ഞ സാഹചര്യത്തിൽ ഇനി തങ്ങൾക്ക് ബന്ധമില്ലെന്ന് പറഞ്ഞ് തടിയൂരാനാകില്ല. കേസിൽ അന്വേഷണം നിലച്ചത് ബി ജെ പി- സി പി എം ഒത്തുകളി മൂലമാണെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്തുവന്നിരിക്കെ സി പി എമ്മിനെയും പ്രതിരോധത്തിലാക്കിയേക്കും സതീഷിന്റെ വെളിപ്പെടുത്തൽ.