Connect with us

First Gear

വിപണിയിലെത്തി 24 മണിക്കൂറിനുള്ളില്‍ മുഴുവന്‍ വിറ്റുതീര്‍ത്ത് കൊഡിയാക് ഫെയ്സ് ലിഫ്റ്റ്

സ്‌കോഡയുടെ മൂന്ന്-വരി മോണോകോക്ക് എസ് യുവിക്ക് വിപണിയില്‍ നേരിട്ട് എതിരാളികളൊന്നുമില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| സ്‌കോഡയുടെ കൊഡിയാക് ഫെയ്സ് ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ രണ്ട് ദിവസം മുമ്പാണ് അവതരിപ്പിച്ചത്. ഇന്ത്യന്‍ വാഹന ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് വാഹനത്തിന്റെ മുഴുവന്‍ യൂണിറ്റുകളും 24 മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ബേസ് സ്‌റ്റൈല്‍ ട്രിമ്മിന് 34.99 ലക്ഷം രൂപയില്‍ തുടങ്ങി ടോപ്പ്-സ്‌പെക്ക് എല്‍ആന്‍ഡ്‌കെ ട്രിമ്മിന് 37.49 ലക്ഷം രൂപ വരെയായിരുന്നു എക്‌സ്-ഷോറൂം വില.

രണ്ടാം തലമുറ കൊഡിയാക്ക് എസ് യുവി കംപ്ലീറ്റ്‌ലി നോക്ഡ് ഡൗണ്‍ യൂണിറ്റായിട്ടായിരുന്നു രാജ്യത്തേക്ക് എത്തിയത്. പുതിയ കൊഡിയാക് എസ് യുവിയെ ആഗോള വിപണിയില്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. ബിഎസ് 6 മാനദണ്ഡങ്ങള്‍ കാരണം രണ്ട് വര്‍ഷം മുമ്പ് പിന്‍വലിച്ചതിന് ശേഷം രാജ്യത്തേക്കുളള വാഹനത്തിന്റെ മടങ്ങി വരവാണിത്. ഇപ്പോള്‍ ബിഎസ് 6 കംപ്ലയിന്റ് 2.0-ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ ആണ് വാഹനത്തിന്റെ ഹൃദയം. ഒക്ടാവിയ, സൂപ്പര്‍ബ് തുടങ്ങിയ സ്‌കോഡ മോഡലുകള്‍ക്ക് കരുത്ത് പകരുന്നതും ഇതേ യൂണിറ്റാണ്.

കൊഡിയാക്കിന്റെ ക്യാബിനിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് ഇപ്പോള്‍ ബ്ലാക്ക് ആന്‍ഡ് ബീജ് ഡ്യുവല്‍-ടോണ്‍ തീമിലാണ് വരുന്നത്. ഇന്‍ബില്‍റ്റ് നാവിഗേഷനും വയര്‍ലെസ് കണക്റ്റിവിറ്റിയും ഉള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൂന്ന് സോണുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, 12 സ്പീക്കര്‍ കാന്റണ്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കൂളിംഗ്, ഹീറ്റിംഗ് പ്രവര്‍ത്തനക്ഷമത, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും വാഹനത്തിലുണ്ട്. നിലവില്‍, സ്‌കോഡയുടെ മൂന്ന്-വരി മോണോകോക്ക് എസ് യുവിക്ക് വിപണിയില്‍ നേരിട്ട് എതിരാളികളൊന്നുമില്ല.