Kozhikkode
സർ, മാഡം വിളികൾ ഒഴിവാക്കി കൊടിയത്തൂർ പഞ്ചായത്തും പ്രമേയം പാസ്സാക്കി
ഈ മാതൃകയിൽ നിരവധി തദ്ദേശ സ്ഥാപനങ്ങളാണ് ഇപ്പോൾ ഇത്തരത്തിൽ തീരുമാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
മുക്കം | കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിലെ സർക്കാർ ജീവനക്കാരെയും ജനപ്രതിനിധികളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി ഭരണസമിതി പ്രമേയം പാസ്സാക്കി. പഞ്ചായത്തിലേക്കുള്ള അപേക്ഷകളിലും കത്തിടപാടുകളിലും സർ, മാഡം എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കുന്നതിനും തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറി പ്രമേയം അവതരിപ്പിച്ചു. ഫസൽ കൊടിയത്തൂർ പിന്താങ്ങി.
ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സർ, മാഡം വിളിയെന്ന് ഭരണസമിതി നിരീക്ഷിച്ചു. പഞ്ചായത്തിലേക്ക് അപേക്ഷയുമായി എത്തുന്നവർ ഇനി മുതൽ സാർ, മാഡം എന്ന അഭിസംബോധന എഴുതേണ്ടതില്ല. ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ ശീലങ്ങൾ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തിലാണ് നടപടി. സർ, മാഡം വിളികൾക്ക് പകരം ഔദ്യോഗിക സ്ഥാനങ്ങൾ അഭിസംബോധനയായി ഉപയോഗിക്കാമെന്നാണ് ഭരണസമിതിയുടെ തീരുമാനം.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, അംഗങ്ങളായ, രിഹ്‍ല മജീദ്, എം ടി റിയാസ്, ദിവ്യ ഷിബു, ആഇശ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത് എന്നിവർ സംബന്ധിച്ചു.
പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്തിലാണ് രാജ്യത്ത് തന്നെ ആദ്യമായി സർ, മാഡം വിളികൾ ഒഴിവാക്കിയത്. ഈ മാതൃകയിൽ നിരവധി തദ്ദേശ സ്ഥാപനങ്ങളാണ് ഇപ്പോൾ ഇത്തരത്തിൽ തീരുമാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.