kodiyeri Balakrishnan
കോടിയേരിക്ക് തലശ്ശേരി വിടനൽകി; ഭൌതിക ശരീരം വീട്ടിലെത്തിച്ചു
കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ, യൂത്ത് ലീഗ് നേതാവ് മുനവ്വറലി തങ്ങൾ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, മന്ത്രിമാർ, എം എൽ എമാർ, ഘടകകക്ഷി നേതാക്കൾ, ഇതര രാഷ്ട്രീയ നേതാക്കൾ, പാർട്ടി പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി ആയിരക്കണക്കിന് പേർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
കണ്ണൂര്‍ | ഏറെക്കാലം കർമഭൂമിയായിരുന്ന തലശ്ശേരി നഗരം പ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണന് വിട നൽകി. തലശ്ശേരി ടൌൺഹാളിൽ നിന്ന് മൃതദേഹം ജന്മനാടായ കോടിയേരിയിലെ ഈങ്ങേൽപീടികയിലെ വീട്ടിലെത്തിച്ചു. രാത്രി 10.30ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഇവിടെ പൊതുദർശനം തുടരുകയാണ്. ആയിരങ്ങളാണ് വീട്ടിലും നാട്ടിലുമായി അദ്ദേഹത്തെ കാത്തിരുന്നത്.
നാളെ രാവിലെ 11ന് കണ്ണൂർ ജില്ലാ ഓഫീസിലെത്തിക്കും. വീട്ടിൽ നിന്ന് വിലാപയാത്രയായാണ് കണ്ണൂരിലെത്തിക്കുക. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്ത് സംസ്കരിക്കും. മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളാണ് ഏറ്റുവാങ്ങിയത്. രാത്രി പത്തുവരെ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചു. കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ, മുസ്ലിം ലീഗ് അധ്യക്ഷൻ സ്വാദിഖലി തങ്ങൾ, യൂത്ത് ലീഗ് നേതാവ് മുനവ്വറലി തങ്ങൾ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, മന്ത്രിമാർ, എം എൽ എമാർ, ഘടകകക്ഷി നേതാക്കൾ, ഇതര രാഷ്ട്രീയ നേതാക്കൾ, പാർട്ടി പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി ആയിരക്കണക്കിന് പേർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
ചെന്നൈയില്‍ നിന്നും മൃതദേഹവുമായി 11 .20ന് പുറപ്പെട്ട എയര്‍ ആംബുലന്‍സ് 12. 54 ഓടെയാണ് കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തിയത്. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തി. മട്ടന്നൂര്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, കൂത്തുപറമ്പ്, ആറാംമൈല്‍, വെറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം, ചുങ്കം എന്നിടവങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാനെത്തി. കോടിയേരിയെ അവസാനമായി കാണാന്‍ വന്‍ ജനാവലിയാണ് റോഡിനിരുവശവും തടിച്ചുകൂടിയിരിക്കുന്നത്. കോടിയേരിയുടെ നിര്യാണത്തില്‍ ആദരസൂചകമായി തലശ്ശേരി,ധര്‍മ്മടം,കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വാഹനങ്ങളെയും ഹോട്ടലുകളെയും നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.