cpim state conference
വികസന നയരേഖയെ സംബന്ധിച്ച് തെറ്റായ പ്രചാരണമെന്ന് കോടിയേരി
അടുത്ത 25 വര്‍ഷം കൊണ്ട് നവകേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാടാണ് രേഖ.
കൊച്ചി | സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന നയരേഖയെ സംബന്ധിച്ച് തെറ്റായ പ്രചാരവേലയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രേഖയെ സംബന്ധിച്ച് പലവിധത്തിലുള്ള പ്രചാരണങ്ങളാണുള്ളത്. പാര്‍ട്ടിയുടെ കേന്ദ്ര നയവും വികസന നയരേഖയുമായി വൈരുധ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വികസന നയ രേഖയും പാര്‍ട്ടി പരിപാടിയും സംബന്ധിച്ച് അദ്ദേഹം വിശദമാക്കി. അടുത്ത 25 വര്‍ഷം കൊണ്ട് നവകേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാടാണ് രേഖ. 25 കൊല്ലം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തും. നവകേരള രേഖലയില്‍ നാല് ഭാഗങ്ങളാണുള്ളത്. ഭേദഗതി കൂടി കണക്കിലെടുത്ത് രേഖ അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ പ്രത്യക്ഷ വിദേശ മൂലധന നിക്ഷേപമാകാം എന്ന് 1956ലെ അവിഭക്ത സി പി ഐ പാര്‍ട്ടി പരിപാടിയില്‍ പറയുന്നുണ്ട്. സ്വകാര്യ നിക്ഷേപം ആകാമെന്ന് പറയുന്നുണ്ട്. അങ്ങനെയാണ് മാവൂരില്‍ ഗ്വാളിയോര്‍ റയോണ്‍സ് വരുന്നത്. പിന്നീട് പലവിധ കാരണങ്ങളാല്‍ മൂലധന നിക്ഷേപത്തില്‍ വലിയ ഇടിവുണ്ടായി. സ്വകാര്യ യൂനിവേഴ്‌സിറ്റി സ്ഥാപനത്തെ സംബന്ധിച്ച് രേഖയില്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.