Connect with us

Kerala

ശ്രീനാരായണ ഗുരുവിന് അയിത്തം കൽപ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താൻ കേന്ദ്രം തയ്യാറാകണമെന്ന് കോടിയേരി

രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ശ്രീനാരായണ ഗുരുവിൻ്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഒഴിവാക്കിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

|

Last Updated

തിരുവനന്തപുരം | നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന് അയിത്തം കൽപ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിൻ്റെ, ശ്രീനാരായണ ഗുരുവിൻ്റെ നിശ്ചലദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രതികരണം.

ബി ജെ പിക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തിൽ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിക്കുന്നു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിൻ്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്.

റിപ്പബ്ലിക് ദിന പരേഡിൽ കേരളം നൽകിയ നിശ്ചല ദൃശ്യത്തിൻ്റെ മോഡലിൽ, സ്ത്രീ സുരക്ഷയെന്ന ആശയം മുൻനിർത്തി ജടായുപ്പാറയിലെ പക്ഷിശിൽപ്പവും ചുണ്ടൻ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നിൽ വെക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. കേരളം ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ മുന്നിൽ വെക്കാമെന്ന് അറിയിച്ച് അതിൻ്റെ മോഡൽ സമർപ്പിച്ചു. ഈ നിശ്ചലദൃശ്യം ഉൾപ്പെടുത്താമെന്ന് അധികൃതർ പറയുകയും അന്തിമ ചുരുക്കപ്പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തുകയും ചെയ്തതായിരുന്നു. എന്നാൽ, രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ശ്രീനാരായണ ഗുരുവിൻ്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഒഴിവാക്കിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.