indian cricket team
ക്യാപ്റ്റാനായി രോഹിത്തെന്ന് സൂചന നല്‍കി കോലി; സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍, മുന്‍തൂക്കം രോഹിത്തിന്
രോഹിത്തിനെ അടുത്ത ക്യാപ്റ്റനാക്കരുതെന്ന് ആവശ്യപ്പെട്ട് കോലി ബി സി സി ഐക്ക് കത്തെഴുതി എന്ന വാര്‍ത്ത പുറത്ത് വന്നതോടെ കോലി- രോഹിത്ത് ബന്ധം എന്നപോലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും സംശയത്തിന്റെ നിഴലിലായി
ദുബൈ | ടി20 ലോകകപ്പിലെ അവസാന മത്സരത്തില്‍ നമീബിയക്കെതിരെ ഒമ്പത് വിക്കറ്റ് ജയത്തോടെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണ്. ലോകകപ്പോടെ താന്‍ സ്ഥാനമൊഴിയുമെന്ന് കോലി നേരത്തേ പ്രഖ്യാപിച്ചത് മുതല്‍ അടുത്ത ക്യാപ്റ്റന്‍ ആരാവും എന്ന ചര്‍ച്ച സജീവമായി നടക്കുന്നുണ്ടായിരുന്നു. നിലവിലെ വൈസ് ക്യാപ്റ്റന്‍ എന്ന നിലയിലും ടീമിലെ കോലിക്കൊപ്പം പരിചയ സമ്പത്തുള്ള താരമെന്ന നിലയിലും രോഹിത്തായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ട പേര്. ഐ പി എല്ലില്‍ മുംബൈക്ക് വേണ്ടി അഞ്ച് കപ്പുകള്‍ നേടിയ ക്യാപ്റ്റന്‍ എന്ന നിലയിലും രോഹിത്ത് മറ്റ് സാധ്യതകള്‍ ഒന്നും പരിഗണിക്കാതെ തന്നെ ക്യാപ്റ്റന്‍ ആയേക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, രോഹിത്തിനെ അടുത്ത ക്യാപ്റ്റനാക്കരുതെന്ന് ആവശ്യപ്പെട്ട് കോലി ബി സി സി ഐക്ക് കത്തെഴുതി എന്ന വാര്‍ത്ത പുറത്ത് വന്നതോടെ കോലി- രോഹിത്ത് ബന്ധം എന്നപോലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും സംശയത്തിന്റെ നിഴലിലായി.
രോഹിത്തിന് പുറമേ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. നിലവിലുള്ള ക്യാപ്റ്റന്‍ ഒഴിയുന്നതിന് മുമ്പേ തന്നെ അടുത്ത ക്യാപ്റ്റനെ കണ്ടെത്തി ഒരുക്കിയെടുക്കുന്ന പതിവ് ഇന്ത്യന്‍ ടീമിനുണ്ട്. ഗാംഗുലി ഒഴിഞ്ഞപ്പോള്‍ ധോണിയും, ധോണിയുടെ സ്വാഭാവിക പിന്മുറക്കാരനായി കോലിയും എത്തുന്ന സാഹചര്യം ഇന്ത്യന്‍ ടീമിനുണ്ടായിരുന്നു. അങ്ങനെയെങ്കിലും കോലിക്ക് ശേഷം ഉയര്‍ന്നുവരുന്ന പേരുകളില്‍ രോഹിത്തിന് തന്നെയാണ് മുന്‍തൂക്കം. അടുത്ത മുഖ്യ പരിശീലകനായി എത്തുന്ന രാഹുല്‍ ദ്രാവിഡും സ്ഥാനമൊഴിയുന്ന പരിശീലകന്‍ രവി ശാസ്ത്രിയും അടുത്ത ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത്തിന്റെ പേര് നിര്‍ദ്ദേശിച്ചുവെന്നാണ് സൂചന.
അതിനിടെ കോലി രോഹിത്തിനെതിരെ ബി സി സി ഐക്ക് കത്ത് നല്‍കി എന്ന വാര്‍ത്തകള്‍ക്ക് വിപരീതമായി അടുത്ത ക്യാപ്റ്റനായി രോഹിത്ത് തന്നെ വന്നേക്കും എന്ന സൂചന കോലിയും നമീബിയക്കെതിരെയുള്ള മത്സരത്തിന് ശേഷം നല്‍കിയിരുന്നു. ഇനി അടുത്ത തലമുറയുടെ കാലമാണ്. രോഹിത്ത് ഒരുപാട് കാലമായി ടീമിനൊപ്പം ഉണ്ട്. അദ്ദേഹം എല്ലാകാര്യങ്ങളും ശ്രദ്ധിച്ചുപോരുന്നുണ്ട് എന്നായിരുന്നു കോലിയുടെ പ്രതികരണം. കോലിയും സ്ഥാനൊഴിയുന്ന കോച്ചും വരാനിരിക്കുന്ന കോച്ചും ഒരേപോലെ രോഹിത്തില്‍ താത്പര്യം പ്രകടപ്പിച്ച നിലക്ക് രോഹിത്ത് എന്നപേരിലേക്ക് ക്യാപ്റ്റന്‍സിയില്‍ ബി സി സി ഐ എത്താന്‍ സാധ്യത ഏറി.
അതേസമയം, രോഹിത്ത് അല്ലെങ്കില്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരും പരിഗണനക്ക് വരും. മുതിര്‍ന്ന താരത്തിന് പകരം ഒരു പുതിയ മുഖത്തെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കില്‍ കെ എല്‍ രാഹുലിനാണ് സാധ്യത. ബാറ്റര്‍ എന്ന നിലയില്‍ മികച്ച ഫോമിലാണ് ഇപ്പോള്‍ രാഹുല്‍. പഞ്ചാബ് കിംഗ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് കെ എല്‍ രാഹുല്‍ പുറത്തെടുക്കുന്നത് എന്നത് അദ്ദേഹത്തിന് അനുകൂല ഘടകമാണ്.
ധോണിക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന സാധ്യതയിലേക്കാണ് ബി സി സി ഐ എത്തുന്നതെങ്കില്‍ യുവതാരം റിശഭ് പന്തിനാണ് സാധ്യത. ടീമിനൊപ്പം പരമ്പരകള്‍ക്കായി സൈഡ് ബെഞ്ചിലിരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പറന്നതിന് പിന്നാലെ കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ടീമിലെ സ്ഥിരം സാന്നിധ്യമായി പന്ത് മാറിയിരുന്നു. എല്ലാ ഫോര്‍മാറ്റിലും ടീമിനൊപ്പം ഉണ്ടെന്നുള്ളതും പന്തിന് മുന്‍തൂക്കം നല്‍കുന്നു. കഴിഞ്ഞ ഐ പി എല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിക്കുന്ന പ്രകടനത്തിന് ക്യാപ്റ്റന്‍ എന്ന നിലയില്‍ ചുക്കാന്‍ പിടിച്ചതും പന്തായിരുന്നു.
ഇവര്‍ക്ക് പുറമെ, വിദൂര സാധ്യതയെങ്കിലും ഉയര്‍ന്ന് കേട്ട പേരായിരുന്നു പേസ് ബോളര്‍ ജസ്പ്രീത് ബൂംമ്രയുടേത്. എല്ലാ ഫോര്‍മാറ്റിലും സ്ഥിര സാന്നിധ്യമെന്നതിന് പുറമെ സ്ഥിരതയാര്‍ന്ന പ്രകടനവും ബൂംമ്ര പുറത്തെടുക്കുന്നുണ്ട്. പേസ് ബോളര്‍മാര്‍ ക്യാപ്റ്റന്‍ ആവരുതെന്ന് നിയമമൊന്നും ഇല്ലെന്ന് ബൂംമ്രയുടെ പേര് ക്യാപ്റ്റനായി നിര്‍ദ്ദേശിച്ച മുന്‍ ഇന്ത്യന്‍ പേസ് ബോളര്‍ ആശിശ് നെഹ്‌റ ചൂണ്ടിക്കാട്ടിയിരുന്നു.