Connect with us

Ongoing News

ഐ പി എല്ലില്‍ 7,000 റണ്‍സടിക്കുന്ന ആദ്യ താരമായി കോലി

കഴിഞ്ഞ 16 സീസണിലും ഒരേ ഫ്രാഞ്ചെയ്സിക്ക് വേണ്ടി കളിച്ച ഏക താരമെന്ന റെക്കോർഡും കോലിയുടെ പേരിൽ

Published

|

Last Updated

ന്യൂഡല്‍ഹി | ഐ പി എല്‍ ചരിത്രത്തിലെ 7,000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ചരിത്രം സ്വന്തമാക്കി ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സിൻ്റെ മിന്നും താരം വിരാട് കോലി. ഡല്‍ഹി ഫിറോസ് ഷ കോട്‌ല സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് കോലി നിര്‍ണായക ചവിട്ടുപടി താണ്ടിയത്.

34കാരനായ വിരാട് കോലി തന്റെ 225ാം മത്സരത്തിലാണ് ഈ ചരിത്ര നേട്ടം കൈയിലൊതുക്കിയിരിക്കുന്നത്.
ഐ പി എല്‍ റണ്‍ വേട്ടക്കാരില്‍ രണ്ടാമതുള്ള ശിഖര്‍ ധവാനെക്കാള്‍ ബഹുദൂരം മുന്നിലാണ് കോലി. 6,536 റണ്‍സാണ് രണ്ടാമതുള്ള ധവാന്റെ സമ്പാദ്യം.

2008ലെ പ്രഥമ ഐ പി എല്‍ മുതല്‍ എല്ലാ സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ കുപ്പായത്തില്‍ തന്നെയാണ് കോലി ഗ്രീസിലിറങ്ങിയത്. കഴിഞ്ഞ 16 സീസണിലും ഒരേ ഫ്രാഞ്ചെയ്സിക്ക് വേണ്ടി കളിച്ച ഏക താരമെന്ന റെക്കോർഡും കോലിയുടെ പേരിലാണ്.

ചരിത്രം സൃഷ്ടിച്ച ഇതേമത്സരത്തില്‍ തന്റെ അമ്പതാം ഐ പി എല്‍ അര്‍ധ ശതകം കണ്ടെത്താനും കോലിക്ക് കഴിഞ്ഞു. കൂടാതെ അഞ്ച് സെഞ്ച്വറികൾ കൂടി കോലിയുടെ പേരിലുണ്ട്.

ഒരു വര്‍ഷത്തെ ഐ പി എല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡും കോലിയുടെ പേരിലാണ്. 2016ലെ സീസണില്‍ 973 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്.

കോലിയോട് ആദരസൂചകമായി സ്‌റ്റേഡിയത്തില്‍ വിരാട് കോലി പവലിയന്‍ ഒരുക്കിയിരുന്നു. മത്സരത്തിൽ 46 പന്തിൽ 55 റൺസാണ് കോലി നേടിയത്.

Latest