National
രാജസ്ഥാനിലെ കോലിഹാന്‍ ഖനി അപകടം; 10 പേരെ രക്ഷപ്പെടുത്തി
ഖനിയില്‍ കുടുങ്ങി കിടക്കുന്ന നാലു പേര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ജയ്പൂര്‍| രാജസ്ഥാനിലെ നീം കാ താനെ ജില്ലയിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കോലിഹാന്‍ ഖനിയില്‍ കുടുങ്ങിയ 14 ജീവനക്കാരില്‍ 10 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ജീവനക്കാര്‍ക്ക് ചെറിയ രീതിയില്‍ പരുക്കുണ്ട്. ഇവരെ വിദഗ്ദ ചികിത്സക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ആളുകള്‍ കുടുങ്ങി കിടക്കുന്നത് 1,800 അടി താഴ്ചയിലാണ്. ഖനിയില്‍ കുടുങ്ങി കിടക്കുന്ന നാലു പേരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്. അവര്‍ സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തന സംഘത്തിലെ ഡോ. പ്രവീണ്‍ ശര്‍മ പറഞ്ഞു.
ലിഫ്റ്റ് തകര്‍ന്നാണ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും കൊല്‍ക്കത്ത വിജിലന്‍സ് സംഘത്തിലുളളവരും ഖനിയില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ലിഫ്റ്റ് തകര്‍ന്ന് സംഘം ഖനിയില്‍ കുടുങ്ങിയത്. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഖനിയില്‍ പരിശോധനക്കായാണ് വിജിലന്‍സ് ഉദ്യോഗസ്ഥസംഘം എത്തിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയര്‍ പൊട്ടി സംഘം അപകടത്തില്‍പ്പെടുകയായിരുന്നു.