IPL
ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്ത
നിതിഷ് റാണ- സുനില്‍ നരെയ്ന്‍ കൂട്ടുകെട്ടാണ് കൊല്‍ക്കത്തയുടെ വേഗത്തിലുള്ള വിജയത്തിന് വഴിയൊരുക്കിയത്.

ഷാര്‍ജ | ഐ പി എല്‍ 41ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്ന് വിക്കറ്റ് ജയം. 1.4 ഓവര്‍ ബാക്കിനില്‍ക്കെയാണ് കൊല്‍ക്കത്തയുടെ ഗംഭീര ജയം. ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റൺസെടുത്തു.
നിതിഷ് റാണ- സുനില്‍ നരെയ്ന്‍ കൂട്ടുകെട്ടാണ് കൊല്‍ക്കത്തയുടെ വേഗത്തിലുള്ള വിജയത്തിന് വഴിയൊരുക്കിയത്. റാണ പുറത്താകാതെ 36ഉം നരെയ്ന്‍ 10 ബോളില്‍ 21ഉം റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 30 റണ്‍സെടുത്തു. ഡല്‍ഹി ബോളിംഗ് നിരയില്‍ ആവേശ് ഖാന്‍ മൂന്നും ആര്‍ അശ്വിന്‍, ആന്റിച്ച് നോര്‍യെ, ലളിത് യാദവ്, കഗിസോ റബഡ എന്നിവര്‍ ഓരോന്നുവീതവും വിക്കറ്റെടുത്തു.
ഡല്‍ഹി ബാറ്റിംഗ് നിരയില്‍ സ്റ്റീവന്‍ സ്മിത്തും ക്യാപ്റ്റന്‍ ഋഷഭ് പന്തും 39 വീതം റണ്‍സെടുത്തു. ഇവരെ കൂടാതെ ശിഖര്‍ ധവാന്‍ (24) മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് പേര്‍ സംപൂജ്യരായി. മധ്യ, പിന്നാക്ക നിരകളുടെ സമ്പൂര്‍ണ തകര്‍ച്ചയാണ് ഡല്‍ഹിക്ക് സംഭവിച്ചത്. കൊല്‍ക്കത്തന്‍ ബോളിംഗ് നിരയില്‍ ലോക്കീ ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ടിം സൗത്തി ഒരു വിക്കറ്റെടുത്തു.