Connect with us

National

കൊൽക്കത്ത ഹൈക്കോടതി ജഡ്ജി രാജിവെച്ച് ബിജെപിയിലേക്ക്; തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തംലുക്ക് മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന ചർച്ചകൾ പശ്ചിമ ബംഗാളിൽ സജീവമാകുന്നതിനിടെയാണ് രാജി പ്രഖ്യാപനം.

Published

|

Last Updated

കൊൽക്കത്ത | കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിവച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രാജിക്കത്ത് സമർപ്പിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മാർച്ച് 7 ന് താൻ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകുമെന്ന സൂചനയും ഗംഗോപാധ്യായ നൽകി. ഏത് സീറ്റിൽ മത്സരിക്കുമെന്ന് ഞാൻ തീർച്ചയായും നിങ്ങളെ അറിയിക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ജസ്റ്റിസ് ഗംഗോപാധ്യായയുടെ മറുപടി.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ വക്താക്കൾ തന്നെ ആവർത്തിച്ച് വിമർശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജഡ്ജിയെ കുറിച്ച് ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്ന് അവർക്കറിയില്ല. ഫീൽഡിൽ വന്ന് പോരാടാൻ അവർ തന്നെ വെല്ലുവിളിച്ചിരുന്നു. അതിനാലാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചതെന്നും ഗംഗോപാധ്യായ വ്യക്തമാക്കി. രാഷ്ട്രീയത്തിലെ തന്റെ ഇടപെടലിനെയും മുൻകാല തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്ന വിമർശകരോട് തനിക്കെതിരെ കേസെടുക്കാൻ അഭിജിത് ഗംഗോപാധ്യായ വെല്ലുവിളിച്ചു.

പശ്ചിമ ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ താൻ തൃപ്തനല്ലെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ജസ്റ്റിസ് ഗംഗോപാധ്യായ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം പുകഴ്ത്തി. ‘വളരെ കഠിനാധ്വാനി’ എന്നാണ് പ്രധാനമന്ത്രിയെ അദ്ദേഹം വിശേഷിപ്പിച്ചത്. തൃണമൂൽ ഭരണത്തിന് കീഴിൽ അഴിമതി അതിൻ്റെ പാരമ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിലാണ് ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ വിരമിക്കേണ്ടിയിരുന്നത്. ജഡ്ജിയാകുന്നതിന് മുമ്പ് 24 വർഷം അദ്ദേഹം അഭിഭാഷകനായിരുന്നു. 2018 മെയ് 2 നാണ് അദ്ദേഹം കൽക്കട്ട ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിതനായത്. 2020 ൽ സ്ഥിതം ജഡ്ജിയായി.

ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയ്ക്ക് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തംലുക്ക് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന ചർച്ചകൾ പശ്ചിമബംഗാളിൽ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. മുമ്പ് തംലുക്ക് സീറ്റിനെ പ്രതിനിധീകരിച്ചത് നിലവിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയാണ്. നിലവിൽ സഹോദരൻ ദിബ്യേന്ദു അധികാരിയാണ് ഇവിടെ നിന്നുള്ള എംപി.

ജഡ്ജിയായിരിക്കെ ഒരു സ്വകാര്യ വാർത്താ ചാനലിന് അഭിമുഖം നൽകുകയും താൻ എടുത്ത തീരുമാനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതിന് അദ്ദേഹം വിമർശം നേരിട്ടിരുന്നു. ഭരണകക്ഷിയായ ടിഎംസി അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. ജഡ്ജി സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അന്നത്തെ ടിഎംസി വക്താവ് കുനാൽ ഘോഷ് ജസ്റ്റിസ് ഗംഗോപാധ്യായയെ വെല്ലുവിളിച്ചിരുന്നു.

ജസ്റ്റിസ് ഗംഗോപാധ്യായ രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അദ്ദേഹത്തിന്റെ മുൻകാല വിധികൾ ചോദ്യം ചെയ്യപ്പെടുമെന്ന് ടിഎംസിയും കോൺഗ്രസും വ്യക്തമാക്കിയിരുന്നു.