Connect with us

National

കൊൽക്കത്ത ബലാത്സംഗ കൊല: മുഖ്യപ്രതി സംഭവസമയം ആശുപത്രിയിൽ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് കൊൽക്കത്തയിലെ രണ്ട് വേശ്യാലയങ്ങളിൽ പോയിരുന്നുവെന്നും പോലീസ്

Published

|

Last Updated

കൊൽക്കത്ത | കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന സഞ്ജയ് റോയിയുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ജൂനിയർ ഡോക്ടർ ക്രൂരമായ ബലാത്സംഘത്തിന് ഇരയാളി കൊല ചെയ്യപ്പെട്ട രാത്രിയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് ഇയാൾ ഇറങ്ങി വരുന്ന ദൃശ്യമാണ് പുറത്തുവന്നത്. കൃത്യം നടന്ന ആഗസ്റ്റ് ഒൻപതിന് പുലർച്ചെ ഒരു മണിക്കുള്ള ദൃശ്യങ്ങളാണിത്.

സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, രാത്രി 1.03നാണ് ഇയാൾ സെമിനാർ ഹാളിൽ പ്രവേശിച്ചത്. സെമിനാർ ഹാളിൽ വെച്ചാണ് അന്ന് അർധരാത്രി ജൂനിയർ ഡോക്ടർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല ചെയ്യപ്പെട്ടതും. മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണ്ടെടുത്തതായി അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരന്നു. സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്ന സഞ്ജയ് റോയിയുടെ കഴുത്തിൽ ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് വ്യക്തമായി കാണാം. ചോദ്യം ചെയ്യലിൽ, പോലീസ് സിസിടിവി തെളിവുകൾ സഞ്ജയിയെ കാണിച്ചിരുന്നു. തുടർന്ന് ഇയാൾ കുറ്റം സമ്മതിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് കൊൽക്കത്തയിലെ രണ്ട് വേശ്യാലയങ്ങളിൽ പോയിരുന്നുവെന്നും പോലീസ് പറഞ്ഞു. ആഗസ്ത് എട്ടിന് രാത്രി സോനാഗച്ചി റെഡ് ലൈറ്റ് ഏരിയയിൽ പോയ ഇയാൾ മദ്യം കുടിച്ച് രണ്ട് വേശ്യാലയങ്ങൾ ഒന്നിന് പിറകെ ഒന്നായി സന്ദർശിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

തുടർന്ന് അർദ്ധരാത്രിക്ക് ശേഷം ആശുപത്രിയിലേക്ക് പോയി. ജൂനിയർ ഡോക്ടർ ഉറങ്ങാൻ കിടന്ന സെമിനാർ ഹാളിലേക്ക് ഇയാൾ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും സിസിടിവിയിൽ വ്യക്തമാണ്.

സഞ്ജയ് റോയിയുടെ നുണപരിശോധന നടത്താൻ കൊൽക്കത്തയിലെ പ്രത്യേക കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും ആഗസ്ത് 8-9 നും ഇടയ്ക്ക് രാത്രിയിൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നാല് ഡോക്ടർമാരെയും നുണപരിശോധനക്ക് വിധേയരാക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

Latest