Connect with us

National

കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം; ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മമതാ ബാനർജി

സമരം പിന്‍വലിക്കുന്നത് കൂടിയാലോചിച്ച ശേഷം അറിയിക്കാമെന്ന് ജൂനിയര്‍ ഡോക്ടേഴ്‌സ് അറിയിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടത്തുന്ന ജൂനിയര്‍ ഡോക്ടേഴ്‌സിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി.

ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും പുറത്താക്കി. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെയും ഉടന്‍ മാറ്റുമെന്ന് മമതാ ബാനര്‍ജി പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്‍കി.

യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദീര്‍ഘനാളായി പ്രതിഷേധവുമായി മുന്നോട്ടുപോകുന്ന ഡോക്ടര്‍മാരുമായി ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് മമത നടത്തിയത്. യുവ ഡോക്ടറുടെ കുടുംബത്തിന് പണം നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന കൊല്‍ക്കത്ത നോര്‍ത്ത് ഡിസിപിയേയും മാറ്റുമെന്ന് മുഖ്യമന്ത്രി മമത അറിയിച്ചു.

യുവഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച സിബിഐ അന്വേഷണം നിലവില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളും അംഗീകരിച്ചതിനാല്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മമത ആവശ്യപ്പെട്ടു.

അതേസമയം സമരം പിന്‍വലിക്കുന്നത് കൂടിയാലോചിച്ച ശേഷം അറിയിക്കാമെന്ന് ജൂനിയര്‍ ഡോക്ടേഴ്‌സ് അറിയിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനങ്ങള്‍ 38 ദിവസമായി നടക്കുന്ന സമരത്തിന്‍റെ വിജയമാണെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

Latest