National
കൊൽക്കത്ത ബലാത്സംഗ കൊല: 17-നകം പുതിയ തത‍്‍സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐക്ക് സുപ്രീം കോടതി നിർദ്ദേശം
ആർജി കാർ ആശുപത്രിയിലെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള സിഐഎസ്എഫിൻ്റെ മൂന്ന് കമ്പനികൾക്ക് താമസ സൗകര്യം ഉറപ്പാക്കാൻ പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനും മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനും സുപ്രീം കോടതി നിർദ്ദേശം നൽകി
ന്യൂഡൽഹി | കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സെപ്റ്റംബർ 17നകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി സിബിഐക്ക് നിർദേശം നൽകി. സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചു.
സി ബി ഐ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മനസ്സിലാകുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തിൽ സി ബി ഐയെ നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പുതിയ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐക്ക് നിർദ്ദേശം നൽകുന്നതായും ബെഞ്ച് വ്യക്തമാക്കി.
കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് സാമ്പിളുകൾ എയിംസിലേക്ക് അയക്കാൻ അന്വേഷണ ഏജൻസി തീരുമാനിച്ചതായി ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ മേത്ത അറിയിച്ചു.
ആർജി കാർ ആശുപത്രിയിലെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള സിഐഎസ്എഫിൻ്റെ മൂന്ന് കമ്പനികൾക്ക് താമസ സൗകര്യം ഉറപ്പാക്കാൻ പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനും മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനും സുപ്രീം കോടതി നിർദ്ദേശം നൽകി. സിഐഎസ്എഫിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷാ ഗാഡ്‌ജെറ്റുകളും ഇന്ന് തന്നെ കൈമാറണമെന്നും കോടതി നിർദേശിച്ചു.
ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരത്തിനിടെ 23 പേർ മരിച്ചതായി പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സംസ്ഥാന ആരോഗ്യ വകുപ്പ് സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.
ആഗസ്റ്റ് 9 നാണ് ആർ ജി കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരു സിവിക് വോളൻ്റിയറെ അടുത്ത ദിവസം കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 13-ന് കൊൽക്കത്ത ഹൈക്കോടതി, കൊൽക്കത്ത പോലീസിൽ നിന്ന് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടു. ഓഗസ്റ്റ് 14 നാണ് സി ബി ഐ അന്വേഷണം തുടങ്ങിയത്.