National
കൊൽക്കത്തയിലെ ബലാത്സംഗ കൊല: പോലീസ് പണം വാഗ്ദാനം ചെയ്ത് കേസ് ഒതുക്കാൻ ശ്രമിച്ചുവെന്ന് ഇരയുടെ പിതാവ്
കേസ് ആദ്യം മുതൽ അടിച്ചമർത്താൻ പോലീസ് ശ്രമിച്ചുവെന്നും ആരോപണം
ന്യൂഡൽഹി | കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പോലീസ് പണം വാഗ്ദാനം ചെയ്ത് കേസ് ഒതുക്കാൻ ശ്രമിച്ചുവെന്നും എന്നാൽ തങ്ങൾ പണം നിരസിച്ചുവെന്നും ഇരയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി. ആർ ജി കാർ ആശുപത്രിയിൽ സമരം ചെയ്യുന്ന ഡോക്ടർമാരെ കണ്ട ശേഷമാണ് ഇരയുടെ പിതാവിന്റെ വെളിപ്പെടുത്തൽ.
മകളുടെ മരണത്തിൽ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾ നടക്കുകയും ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യമുയരുകയും ചെയ്യുമ്പോൾ, തനിക്ക് പണം തന്ന് വിഷയം ഒതുക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് ഇരയുടെ പിതാവ് പറഞ്ഞു. കേസ് ആദ്യം മുതൽ അടിച്ചമർത്താൻ പോലീസ് ശ്രമിച്ചു. ഞങ്ങൾക്ക് മൃതദേഹം കാണാൻ അനുമതി നൽകിയില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകുമ്പോൾ ഞങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നു. പിന്നീട്, മൃതദേഹം ഞങ്ങൾക്ക് കൈമാറിയപ്പോൾ, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു. ഞങ്ങൾ അത് ഉടൻ നിരസിച്ചു – അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ മകൾക്ക് നീതി ലഭിക്കുന്നതിനായി പോരാടുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ നൽകാനാണ് തങ്ങൾ പ്രതിഷേധത്തിൽ ചേരുന്നതെന്നും ഇരയുടെ മാതാപിതാക്കൾ പറഞ്ഞു.
ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊല സംസ്ഥാനത്ത് വൻ രോഷത്തിനാണ് ഇടയാക്കിയത്. സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ കേസ് സിബിഐക്ക് വിടാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ബലാത്സംഗ വിരുദ്ധ ബില്ലും പശ്ചിമ ബംഗാൾ നിയമസഭ പാസാക്കി. ബലാത്സംഗത്തിന് ഇരയായയാൾ മരിച്ചാൽ പ്രതികൾക്ക് വധശിക്ഷ നൽകാൻ വ്യവകസ്ഥ ചെയ്യുന്ന ബില്ലാണ് പാസ്സാക്കിയത്.