National
കൊൽക്കത്ത ബലാത്സംഗ കേസ്: സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ ഇന്ന് വാദം കേൾക്കും
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കൊൽക്കത്ത | കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
രാജ്യത്തെ ഞെട്ടിക്കുകയും മെഡിക്കൽ മേഖലയെ പ്രതിസന്ധിയിലാക്കുകയും ചെയ്‌ത വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച യുവതിയുടെ മാതാപിതാക്കളും മറ്റു ചിലരും ഹർജി നൽകിയതിനെ തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കേസ് പോലീസ് കൈകാര്യം ചെയ്യുന്നതിനെതിരെ തുടക്കം മുതൽ ചോദ്യങ്ങൾ ഉയർന്നിരുന്നു.