Azhikkal boat tragedy
കൊല്ലം വള്ളം അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകണമെന്ന് പ്രതിപക്ഷ നേതാവ്
സുരക്ഷിത കടൽ പാതകൾ ശാസ്ത്രീയമായി രേഖപ്പെടുത്തി മത്സ്യത്തൊഴിലാളികളെ അറിയിക്കണം.
തിരുവനന്തപുരം | കൊല്ലം ചെറിയഴീക്കലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം സർക്കാർ നൽകണം. പ്രദേശത്തെ കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരോട് സാധ്യമായ എല്ലാ പിന്തുണയും കുടുംബങ്ങൾക്ക് നൽകണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണം. അപകടങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന മേഖലയാണെന്ന മത്സ്യതൊഴിലാളികളുടെ അഭിപ്രായം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ള ഒൻപത് തീരദേശ ജില്ലകളിലും മത്സ്യതൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് അപകടം അവർത്തിക്കുന്ന തീരങ്ങളും അഴിമുഖങ്ങളും. അനേകം വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. ഏറെ പേർ തൊഴിലെടുക്കാനാവാത്ത വിധം പരുക്ക്പറ്റി ചികിത്സയിലുമാണ്. സുരക്ഷിതമായി വള്ളം ഇറക്കാനും അടുപ്പിക്കാനും ഉതകും വിധം തീരയിടങ്ങൾ സജ്ജമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷിത കടൽ പാതകൾ ശാസ്ത്രീയമായി രേഖപ്പെടുത്തി മത്സ്യത്തൊഴിലാളികളെ അറിയിക്കണം. സുരക്ഷ, റെസ്ക്യു, ചികിത്സ, വിവരവിനിമയ സംവിധാനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ മെച്ചപ്പെടുത്തണം. അപകട കാരണങ്ങൾ പഠിക്കാനും മുൻ കരുതൽ നടപടികൾ ശിപാർശ ചെയ്യാനും വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.