പടനിലം
പോര് മുറുകുന്പോൾ കൊല്ലം റെവല്യൂഷൻ
ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം മണ്ഡലത്തിന്റെ ഭാഗമായി വരുന്നത്.
കൊല്ലത്ത് എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർഥികൾ മണ്ഡലം നിറഞ്ഞ പ്രചാരണത്തിലാണ്. സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് കൺവൻഷനുകളും പൂർത്തിയാക്കി. തീയതി പ്രഖ്യാപിക്കും മുന്പ് ആരംഭിച്ചതാണ് ഇവിടെ പ്രചാരണം. യു ഡി എഫിന്റെ ആദ്യ സ്ഥാനാർഥിയായി എൻ കെ പ്രേമചന്ദ്രനെ ആർ എസ് പി പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനതലത്തിൽ മണ്ഡലം ശ്രദ്ധിക്കപ്പെട്ടു. എൽ ഡി എഫ് സ്ഥാനാർഥിയായി നടനും കൊല്ലം എം എൽ എയുമായ സി പി എമ്മിലെ മുകേഷും എത്തിയതോടെ തിരഞ്ഞെടുപ്പ് ആരവമുയർന്നു. ആഴ്ചകൾ കഴിഞ്ഞായിരുന്നു എൻ ഡി എ സ്ഥാനാർഥിയായി ബി ജെ പിയുടെ നടൻ ജി കൃഷ്ണകുമാറിന്റെ വരവ
ഹാട്രിക്കിനരികെ ആർ എസ് പി
ആർ എസ് പിയെ സംബന്ധിച്ച് സംസ്ഥാനത്തെ ഒരേയൊരു സ്വാധീന മേഖലയാണ് കൊല്ലം. പാർട്ടിയെ തഴഞ്ഞ് മണ്ഡലം സി പി എം ഏറ്റെടുത്തതോടെ 2014ലാണ് ആർ എസ് പി എൽ ഡി എഫ് വിട്ട് യു ഡി എഫിലെത്തിയത്. അന്ന് എൻ കെ പ്രേമചന്ദ്രൻ തന്നെ ആർ എസ് പിക്ക് വേണ്ടി മത്സരിച്ചു ജയിച്ചു. 2019ലെ തിരഞ്ഞെടുപ്പിലും സി പി എമ്മിനെ തറപറ്റിച്ച് വിജയം ആവർത്തിച്ചു. ഇത്തവണ പ്രേമചന്ദ്രൻ ഹാട്രിക്കിനിറങ്ങുമ്പോൾ മുകേഷിന്റെ രാഷ്ട്രീയത്തിനപ്പുറമുള്ള ജനകീയത മുതലെടുത്ത് ജയിക്കാനാകുമോ എന്നാണ് സി പി എമ്മിന്റെ നോട്ടം. 1996ലാണ് ആർ എസ് പിയുടെ യുവ നേതാവായ എൻ കെ പ്രേമചന്ദ്രൻ കൊല്ലത്ത് കന്നിയങ്കത്തിനിറങ്ങിയത്. 78,370 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം കോൺഗ്രസ്സിലെ കൃഷ്ണൻ നായരെ വീഴ്ത്തി. 1998ലും വിജയം ആവർത്തിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് സി പി എം ഏറ്റെടുത്തു. ബേബി ജോൺ അടക്കമുള്ള നേതാക്കൾ ആർ എസ് പി പിളർത്തി എൽ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് ചേക്കേറിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അങ്ങനെ ആദ്യമായി കൊല്ലം സീറ്റിൽ സി പി എം മത്സരത്തിനിറങ്ങി. ആദ്യ പോരാട്ടത്തിൽ പി രാജേന്ദ്രൻ സി പി എമ്മിന് വേണ്ടി വിജയിച്ചു.
2014ൽ സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയെ 37,649 വോട്ടിനാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിത്. 2019ൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളും എൽ ഡി എഫിനൊപ്പമുള്ളപ്പോഴാണ് കേന്ദ്ര കമ്മിറ്റി അംഗവും ഇപ്പോഴത്തെ മന്ത്രിയുമായ കെ എൻ ബാലഗോപാൽ പ്രേമചന്ദ്രനോട് പരാജയം ഏറ്റുവാങ്ങിയത്.
1,48,856 വോട്ടിനായിരുന്നു ബാലഗോപാലിന്റെ തോൽവി. ഇത്തവണ സി പി എം പാർട്ടി ഘടകങ്ങളിൽ നിന്ന് സ്ഥാനാർഥിയെ കണ്ടെത്താനാകാതെ വന്നതോടെയൊണ് പാർട്ടി അംഗത്വമില്ലാത്ത താരമൂല്യമുള്ള മുകേഷിനെ മത്സരത്തിനിറക്കിയത്. ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം മണ്ഡലത്തിന്റെ ഭാഗമായി വരുന്നത്.
കശുവണ്ടി വോട്ട്
തിരഞ്ഞെടുപ്പിൽ കൊല്ലത്ത് കശുവണ്ടി വ്യവസായവും തൊഴിലാളികളും ചർച്ചയാകും. കശുവണ്ടിത്തൊഴിലാളി വോട്ട് ബേങ്ക് എന്നും മുന്നണികളുടെ നെഞ്ചിടിപ്പാണ്. കശുവണ്ടി വ്യവസായത്തിൽ പ്രതാപം ഇല്ലാതാകുന്നു, സ്വകാര്യ ഫാക്ടറികൾ അനുദിനം അടച്ചുപൂട്ടുന്നു, വ്യവസായികൾ കോടികളുടെ കടത്തിൽ മുങ്ങിത്താഴുന്നു, സർക്കാർ ഫാക്ടറികൾ അടഞ്ഞും തുറന്നും പേരിന് സാന്നിധ്യമറിയിക്കുന്നു തുടങ്ങിയവയാണ് പ്രശ്നങ്ങൾ. വാഗ്ദാനം നൽകിയും ആശ്വസിപ്പിച്ചും തൊഴിലാളികളെ കൂടെ നിർത്താനാണ് മുന്നണികളുടെ ശ്രമം.