From the print
ചരിത്രയാത്രയെ ആശിർവദിച്ച് കൊല്ലവും
തീരദേശവും ഇടനാടും മലനാടും ഒത്തുചേർന്ന ഈ മനോഹര ഭൂമിയും ചരിത്രയാത്രയെ ആശിർവദിച്ചു
കൊല്ലം| അഷ്ടമുടിക്കായലിന്റെ ഓരത്തിരുന്ന് മാനവസഞ്ചാരം നാടിനോട് പറഞ്ഞത് മാനവികതയുടെ സ്നേഹഗീതം. തീരദേശവും ഇടനാടും മലനാടും ഒത്തുചേർന്ന ഈ മനോഹര ഭൂമിയും ചരിത്രയാത്രയെ ആശിർവദിച്ചു. കശുവണ്ടിയുടെ നാട്ടിൽ വെളുപ്പിന് നടന്ന പ്രഭാത നടത്തത്തിലടക്കം മാനവസഞ്ചാരത്തെ ചേർത്തുപിടിക്കാനെത്തിയത് വൻ ജനസഞ്ചയം.
സമസ്തയുടെ ആദ്യകാല നേതാക്കളിലൊരാളായ പതി അബ്ദുൽഖാദിർ മുസ്്ലിയാരുടെ ഖബറിടം ഉൾക്കൊള്ളുന്ന ഓച്ചിറയിൽ വെച്ചാണ് ജില്ലയിലെ പ്രാസ്ഥാനിക നേതൃത്വം മാനവസഞ്ചാരത്തെ വരവേറ്റത്. രാവിലെ ജില്ലയിലെ ഏഴ് മേഖലകളിൽ ഏർളി ബേഡ്സ് പ്രഭാതനടത്തം നടന്നു. തുടർന്ന് യുവജന നേതാക്കളെ അണിനിരത്തി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
മത-സാമൂഹിക-രാഷ്്ട്രീയ രംഗത്തെ പ്രമുഖരെ അണിനിരത്തി യാത്രാനായകൻ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നയിച്ച സായാഹ്ന സൗഹൃദ നടത്തം ഓച്ചിറ വലിയകുളങ്ങര പള്ളിമുക്കിൽ നിന്നാണ് ആരംഭിച്ചത്. മതേതരത്വത്തിന് പേരുകേട്ട ഓച്ചിറയിലെ പരബ്രഹ്മ ക്ഷേത്രത്തിന്റെയും ഓച്ചിറ ഉപ്പാപ്പ മഖാം നിലകൊള്ളുന്ന ടൗൺ ജുമുഅ മസ്ജിദിന്റെയും ഓരം ചേർന്ന മൈതാനിയിലായിരുന്നു മാനവ സംഗമം. സി ആർ മഹേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. എൻ കെ പ്രേമചന്ദ്രൻ എം പി മുഖ്യാതിഥിയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സിറാജുൽ ഉലമ പി എ ഹൈദ്രോസ് മുസ്്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. മഹർഖാൻ ചേന്നല്ലൂർ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഡോ. സുജിത് വിജയൻ പിള്ള എം എൽ എ, റവ. ഫാദർ അജീഷ് കോശി, സ്വാമി സുഖകാശ സരസ്വതി, സ്വാമി സുനിൽ സിതാർ, വലിയത്ത് ഇബ്റാഹീംകുട്ടി, അഡ്വ. കെ പി മുഹമ്മദ്, മൈലക്കാട് ഷാ, ത്വാഹാ മുസ്്ലിയാർ കായംകുളം, എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ദേവർശോല അബ്ദുസ്സലാം മുസ്്ലിയാർ, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, എം മുഹമ്മദ് സ്വാദിഖ്, സി എൻ ജാഫർ പ്രസംഗിച്ചു.
എസ് വൈ എസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി വൈ അഹ്മദ് സഖാഫി, സിദ്ദീഖ് മിസ്ബാഹി കാമിൽ സഖാഫി, നജ്മുദ്ദീൻ അമാനി, ശമീർ അഹ്സനി, സാജിദ് സഖാഫി സംബന്ധിച്ചു.
“ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മാനവസഞ്ചാരം ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും.