Ongoing News
രോഗികള്‍ക്കു പ്രയോജനപ്പെടാതെ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സംവിധാനങ്ങള്‍
അഖിലേന്ത്യ മെഡിക്കല്‍ കമ്മീഷന്‍ റിപോര്‍ട്ട് തേടി
പത്തനംതിട്ട | ഉദ്ഘാടനങ്ങള്‍ തകൃതിയായി നടന്നെങ്കിലും കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സംവിധാനങ്ങള്‍ രോഗികള്‍ക്കു പ്രയോജനപ്പെടുന്നില്ല. ആശുപത്രി പ്രവര്‍ത്തനം അടിയന്തരമായി സജ്ജമാക്കാന്‍ അഖിലേന്ത്യ മെഡിക്കല്‍ കമ്മീഷനും നിര്‍ദേശിച്ചു.
അടുത്ത അധ്യയന വര്‍ഷത്തെ മെഡിക്കല്‍ വിദ്യാര്‍ഥി പ്രവേശനത്തിനു മുമ്പായുള്ള പരിശോധനകളാണ് മെഡിക്കല്‍ കമ്മീഷന്‍ ആരംഭിച്ചത്. വിവിധ ഘട്ടങ്ങളായുള്ള പരിശോധകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നടക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് പിന്നീട് മാത്രമേ നല്‍കുകയുള്ളൂവെങ്കിലും ആശുപത്രി സജ്ജീകരണത്തിന്റെ അഭാവത്തില്‍ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് തേടി.
ഇക്കഴിഞ്ഞ അധ്യയന വര്‍ഷം 100 കുട്ടികള്‍ക്ക് ഒന്നാം വര്‍ഷ എം ബി ബി എസ് പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് 100 കുട്ടികളെ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രി സൗകര്യങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ 300 കിടക്കകള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കിയത്. ഇതംഗീകരിച്ച് വിദ്യാര്‍ഥി പ്രവേശനാനുമതി ലഭിച്ചതുതന്നെ അന്തിമഘട്ടത്തിലാണ്.
ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് വിയോജിപ്പ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലാക്കിക്കൊണ്ട് സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ പിന്‍ബലത്തിലാണ് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് അംഗീകാരമായത്. ഇതോടെ, ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്നുമാറി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലായി. ഇത്തരത്തില്‍ മുന്നോട്ടു പോകാനാകില്ലെന്നാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. മുന്പും ഇതില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ആരോഗ്യമന്ത്രിയുടെ ഇടപെടലില്‍ അംഗീകരിക്കുകയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തുടരുന്നതോടെ തങ്ങളുടെ പ്രമോഷന്‍ അടക്കമുള്ള നടപടികളെ ബാധിക്കുമെന്ന് ഡോക്ടര്‍മാരുടെ നിലപാട്.
പഠനാവശ്യത്തിനും ആശുപത്രി
ഒന്നാംവര്‍ഷ കുട്ടികള്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടു നേരിട്ടുള്ള പഠന സൗകര്യത്തിനും ജനറല്‍ ആശുപത്രിയാണ് നിര്‍ദേശിച്ചിരുന്നത്. അധ്യാപകര്‍ ഒരിടത്തും കുട്ടികള്‍ മറ്റൊരിടത്തുമായി പഠനം തുടരാനാകില്ല. അടുത്ത വര്‍ഷം മുതല്‍ ആശുപത്രി പ്രവര്‍ത്തനം കുട്ടികള്‍ക്ക് നിര്‍ബന്ധമാണ്. ഒന്നാം വര്‍ഷ പഠനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങള്‍ക്കാണ് ബുദ്ധിമുട്ട്.
നിര്‍മാണങ്ങള്‍ ദ്രുതഗതിയിലെന്ന്
കോടിക്കണക്കിനു രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മെഡിക്കല്‍ കോളജ് കാന്പസിനുള്ളില്‍ നടക്കുന്നതായാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കെ യു ജനീഷ് കുമാര്‍ എം എല്‍ എയുടെ മേല്‍നോട്ടത്തില്‍ തന്നെ ഇതു ദ്രുതവേഗത്തില്‍ നടക്കുന്നുമുണ്ട്. മെഡിക്കല്‍ കോളജിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ജീവനക്കാര്‍ക്കു താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സുകള്‍, കുട്ടികളുടെ ഹോസ്റ്റല്‍ എന്നിവയുടെ പണികള്‍ അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്. നവംബറില്‍ ഇതു പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
കുട്ടികളും ജീവനക്കാരും നിലവില്‍ ആശുപത്രി കെട്ടിടത്തിലാണ് താമസിക്കുന്നത്.
പത്തു നിലയിലുള്ള ക്വാര്‍ട്ടേഴ്‌സ, അഞ്ച്, ആറ് നിലകളിലായുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍ എന്നിവയാണ് നിര്‍മാണത്തിലുള്ള മറ്റു കെട്ടിടങ്ങള്‍.
എ, ബി, സി, ഡി വിഭാഗങ്ങളിലായി 40 അപ്പാര്‍ട്ട്‌മെന്റുകള്‍, 1,000 ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച ഓഡിറ്റോറിയം, പ്രിന്‍സിപ്പലിന്റെ താമസത്തിനുള്ള ഡീന്‍ വില്ല, 400 മീറ്റര്‍ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്. കോളജ് കാന്പസ് കവാടത്തില്‍ അമ്മയും കുഞ്ഞും പ്രതിമയുടെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്.
ആശുപത്രി സംവിധാനങ്ങള്‍ക്കു വേഗം പോര
ആശുപത്രിയുമായി ബന്ധപ്പെട്ട് മോര്‍ച്ചറി, പോസ്റ്റുമോര്‍ട്ടം എന്നിവയ്ക്കായി ഓട്ടോപ്‌സി ബ്ലോക്ക് , ലോണ്‍ട്രി ബ്ലോക്ക് എന്നിവയും രണ്ടു ലക്ഷം ലിറ്റര്‍ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും മഴവെള്ള സംഭരണിയും രണ്ടാംഘട്ട വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പാക്കേണ്ടവയാണ്.
രണ്ടുമാസം മുന്പ് ആശുപത്രിയില്‍ എത്തിച്ച സി ടി സ്‌കാന്‍ മെഷീന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്നുള്ള ലൈസന്‍സ് ലഭിക്കാത്തതാണ് കാരണമെന്നു പറയുന്നു.
അടിയന്തരഘട്ടത്തില്‍ ചികിത്സാ സൗകര്യം ലഭിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ശബരിമല തീര്‍ഥാടനകാലത്ത് ഇതു ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രധാന വകുപ്പുകളും ഡോക്ടര്‍മാരും കോന്നിയിലുണ്ട്. ഒ പിയില്‍ നല്ല തിരക്കുമുണ്ട്. പക്ഷേ, തുടര്‍ ചികിത്സകള്‍ക്കുള്ള സൗകര്യമില്ലെന്നതാണ് പ്രശ്‌നം. ആശുപത്രിയുടെ ഭാഗമായെത്തിച്ച ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. ഇത് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യമാണ് ശക്തമാകുന്നത്. മലയോര മേഖലയില്‍ അത്യാഹിതങ്ങളും മറ്റുമുണ്ടാകുന്‌പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് വരെ പോകേണ്ട സാഹചര്യം എത്രയും വേഗം ഒഴിവാക്കുകയെന്നതാണ് നാട്ടുകാരുടെയും ആവശ്യം. ട്രോമകെയര്‍ അടക്കമുള്ള സംവിധാനങ്ങള്‍ പത്തനംതിട്ടയില്‍ പോലുമില്ല. നിര്‍മാണം തുടങ്ങി പത്തുവര്‍ഷത്തോടടുക്കുന്‌പോഴും മെഡിക്കല്‍ കോളജ് ആശുപത്രി സജ്ജമായിട്ടില്ലെന്നതാണ് കൌതുകം.