konni medical college
കോന്നി മെഡിക്കല്‍ കോളജിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു
അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ് ദേശീയ മെഡിക്കല്‍ കമ്മീഷന്റേതാണ് നടപടി
പത്തനംതിട്ട | അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ് കോന്നി മെഡിക്കല്‍ കോളജിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഇക്കാര്യം അറിയിച്ച് പ്രിന്‍സിപ്പലിന് കത്തയച്ചത്.
മെഡിക്കല്‍ കോളജ് ഇനിയും പൂര്‍ണതോതില്‍ പ്രവര്‍ത്തനത്തിന് സജ്ജമാകാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നടപടി . 2022-23 അക്കാദമിക വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും ആലോചന. ഇതിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 100 വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ആവശ്യം തള്ളിക്കൊണ്ടായിരുന്നു മെഡിക്കല്‍ കമ്മീഷന്‍ കോളജിന്റെ പ്രവര്‍ത്തനാനുമതി തടഞ്ഞത്.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവശ്യമായ ക്ലാസ് മുറികളോ ലൈബ്രറിയോ മറ്റ് സംവിധാനങ്ങളോ ഇല്ല. വലിയ കെട്ടിടങ്ങള്‍ പണിതതല്ലാതെ മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലന്നും മെഡിക്കല്‍ കമ്മീഷന്‍ പ്രിന്‍സിപ്പലിന് അയച്ച കത്തില്‍ സൂചിപ്പിച്ചു.