Freedom fighters
കൊന്നോല അഹമ്മദ് ഹാജിയും വാഗണോര്‍മകളും
കൂട്ടക്കുരുതിക്കുള്ള ആയുധമായി മാറിയ വാഗണില്‍ നിന്ന് രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുടെ അനുഭവ സാക്ഷ്യത്തിലുണ്ട് അതിന്റെ ഭീകരത.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒട്ടനവധി ബ്രിട്ടീഷ് ക്രൂരതകള്‍ നടന്നിട്ടുണ്ട്. അതിലൊന്നായിരുന്നു 1921ലെ വാഗണ്‍ കൂട്ടക്കൊല. 70 പേര്‍ രക്തസാക്ഷികളായി എന്നതു മാത്രമല്ല, അതിന്റെ ഭയാനകത കൂടിയാണ് ദുരന്തത്തെ സമാനതകളില്ലാത്തതാക്കി മാറ്റുന്നത്.
കൂട്ടക്കുരുതിക്കുള്ള ആയുധമായി മാറിയ വാഗണില്‍ നിന്ന് രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുടെ അനുഭവ സാക്ഷ്യത്തിലുണ്ട് അതിന്റെ ഭീകരത. ജീവിതത്തില്‍ അന്നു വരെ കണ്ടിട്ടില്ലാത്ത പുലാമന്തോള്‍ പാലം പൊളിച്ചു എന്ന കുറ്റം ചുമത്തി മലപ്പുറത്തെ എം എസ് പി പട്ടാള ക്യാമ്പിലേക്കായിരുന്നു കൊന്നോല അഹമ്മദ് ഹാജിയെയും സഹോദരന്‍ യൂസുഫിനെയും ആദ്യം കൊണ്ടുപോയത്. ഒരാഴ്ചയായിരുന്നു എം എസ് പി ക്യാമ്പിലെ നരക ജീവിതം. ജീവന്‍ നിലനിര്‍ത്താന്‍ ആഴക്ക് (നാഴിയുടെ എട്ടിലൊന്ന്) ഉപ്പിടാത്ത ചോറായിരുന്നു നല്‍കിയിരുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും ഒരിറ്റു വെള്ളം പോലും ഒരാഴ്ചക്കാലത്തേക്ക് അവര്‍ക്ക് നല്‍കിയിരുന്നില്ല. ബയണറ്റ് മുനകളുടെ ആക്രമണം മൂലമുണ്ടായ മുറിവുകള്‍ കാരണം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ പ്രയാസപ്പെട്ടു. ശേഷം ഇവരെ കൊണ്ടുപോയത് മലപ്പുറം മുണ്ടുപറമ്പിലെ ഹേഗ് ബാരക്‌സിലേക്കായിരുന്നു. ഒരാഴ്ചക്കാലം ഇതേ നരകവാസം ഇവിടെയും തുടര്‍ന്നു.
വാഗണ്‍ കൂട്ടക്കൊല നടന്ന ദിവസം രാവിലെ നന്നാലു പേരെ വീതം കൂട്ടിക്കെട്ടി കഴുത വണ്ടികളിലും കാളവണ്ടികളിലും തയ്യാറാക്കി നിര്‍ത്തിയിരുന്നു. പട്ടാളക്കാര്‍ ആയുധങ്ങളുമായി വണ്ടിയില്‍ കയറി. ഓരോ വണ്ടിക്കും ഇടവിട്ട് അറസ്റ്റിലായവരെ നിര്‍ത്തി. വണ്ടി ഓടാന്‍ തുടങ്ങി. ഓട്ടത്തിന് വേഗത കുറഞ്ഞാല്‍ പിന്നിലുള്ള വണ്ടിയില്‍ നിന്ന് നീണ്ടു വരുന്ന ബയണറ്റുകള്‍ കൊണ്ട് കുത്തും. ഓടിയും ചാടിയും കുന്നും കുഴിയും മലയും വയലും താണ്ടി ഉച്ചയോടെ കോട്ടക്കല്‍ എത്തിച്ചേര്‍ന്നു. പട്ടാളക്കാര്‍ക്ക് നല്ല ഭക്ഷണം. മാപ്പിള പോരാളികള്‍ക്ക് ഒരു തുള്ളി വെള്ളം പോലുമില്ല. പട്ടാളക്കാര്‍ വീണ്ടും വണ്ടിയില്‍ കയറി, മരണ ഓട്ടം തുടര്‍ന്നു. സന്ധ്യയോടെ തിരൂരില്‍ എത്തിച്ചേര്‍ന്നു. എല്ലാവരെയും പ്ലാറ്റ്‌ഫോമില്‍ ഇരുത്തി. ഏകദേശം അറുനൂറോളം തടവുകാരെ അവിടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഏഴ് മണിയോടെ എം എസ് എല്‍ വി 1711 വാഗണ്‍ സ്റ്റേഷനിലെത്തി. ആളുകളെ കുത്തിനിറക്കാന്‍ തുടങ്ങി. 100 പേര്‍ അകത്തായപ്പോഴേക്കും പലരുടെയും കൈകാലുകളും മറ്റും പുറത്തേക്ക് തുറിക്കാന്‍ തുടങ്ങിയിരുന്നു. വാതില്‍ ഭദ്രമായി അടച്ച് കുറ്റിയിട്ടു.
അകത്തുകടന്നവരുടെ കാലുകള്‍ നിലത്തമര്‍ന്നില്ല. 200 പാദങ്ങള്‍ ഒന്നിച്ച് നില്‍ക്കാനുള്ള വിസ്തീര്‍ണം വണ്ടിക്കില്ലായിരുന്നു. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലം തൊടാതെ ആ ഹതഭാഗ്യരുടെ യാത്ര ആരംഭിച്ചു. ദാഹം സഹിക്കവയ്യാതെ തൊണ്ട പൊട്ടുമാറ് ആര്‍ത്തുവിളിച്ചു. കൈയെത്തിയവരൊക്കെ വാഗണ്‍ ഭിത്തികളില്‍ ആഞ്ഞടിച്ചു ശബ്ദമുണ്ടാക്കി. മുറിക്കകത്ത് കൂരാകൂരിരുട്ട്. വണ്ടി ഏതോ സ്റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നതായി തോന്നി. ശേഷിപ്പുള്ള ശക്തിയെല്ലാം സംഭരിച്ച് നിലവിളിച്ചു. രോദനം മാത്രം. അപ്പോഴേക്കും പലരും മേല്‍ക്കുമേല്‍ മലര്‍ന്നുവീണു തുടങ്ങിയിരുന്നു. അറിയാതെ മലം വിസര്‍ജിച്ചു, കൈക്കുമ്പിളില്‍ മൂത്രമൊഴിച്ചു കുടിച്ച് ദാഹം തീര്‍ക്കാന്‍ വിഫലശ്രമം നടത്തി. സഹോദരന്റെ ശരീരത്തില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ നക്കിനുണഞ്ഞു. ദാഹം സഹിക്കുന്നില്ല. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുപറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു. മരണവെപ്രാളത്തില്‍ സഹോദരബന്ധം മറന്നു. അഹമ്മദ് ഹാജിയും യൂസുഫും ചെന്നുവീണത് എങ്ങനെയോ ഇളകിപ്പോയ ഒരു ആണിയുടെ ഭാഗത്തായിരുന്നു. ആ ദ്വാരത്തില്‍ മാറിമാറി മൂക്ക് വെച്ച് പ്രാണന്‍ പോകാതെ ഒപ്പിച്ചു. എങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞപ്പോള്‍ നാലഞ്ചു പേര്‍ മരണപ്പെട്ട് അവരുടെ മേല്‍ വീണുകിടക്കുന്നു. വാതില്‍ തുറന്നപ്പോള്‍ 64 പേരാണ് കണ്ണ് തുറിച്ചും ഒരു മുഴം നാക്ക് നീട്ടിയും മരിച്ചു കിടന്നത്. തണുത്ത വെള്ളം വാഗണിലേക്ക് കോരിയൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ ജീവന്‍ അവശേഷിച്ചവര്‍ ഒന്ന് പിടഞ്ഞു. അവരെ കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരെ ഏറ്റെടുക്കാന്‍ പോത്തന്നൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. 28 പേര്‍ മാത്രം രക്ഷപ്പെട്ടു.
ലോകം വിറങ്ങലിച്ച നിമിഷങ്ങളായിരുന്നു അത്. ലണ്ടന്‍ ടൈംസ്, ഡെയ്‌ലി മെയില്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ പ്രാദേശിക, ദേശീയ മാധ്യമങ്ങളും ബ്രിട്ടന്റെ ക്രൂരതയെ ശക്തമായി ചോദ്യം ചെയ്തു. 1981 ഒക്ടോബര്‍ എട്ടിനാണ് അഹമ്മദ് ഹാജി മരണപ്പെടുന്നത്. വാഗണ്‍ കൂട്ടക്കൊലയിലെ ക്രൂരത വിവരിച്ച് കൊണ്ടുള്ള അഭിമുഖം നടക്കുന്നത് മരണപ്പെടുന്നതിന്റെ 10 ദിവസം മുമ്പായിരുന്നു. അബ്ദു ചെറുവാടി എന്ന ചരിത്രാന്വേഷകന് മുമ്പിലാണ് ഈ ചരിത്ര സംഭവങ്ങള്‍ ഹാജി വിവരിച്ചിരുന്നത്.