Connect with us

Kerala

കൂടല്‍ വാഹനാപകടം; മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ ദേവാലയത്തിലെ കുടുംബ കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമായി സംസ്‌കരിച്ചു.

Published

|

Last Updated

പത്തനംതിട്ട | പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടല്‍ മുറിഞ്ഞകല്ലില്‍ വാഹനാപകടത്തില്‍ മരിച്ച മല്ലശ്ശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന്‍ (61), മകന്‍ നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി ജോര്‍ജ് (56) എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഇരുഭവനങ്ങളിലും എത്തിച്ചു. പിന്നീട് പൂങ്കാവ് പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചക്ക് 12 ഓടെ മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ പൂര്‍ത്തീകരിച്ചു. രാവിലെ മുതല്‍ വന്‍ജനാവലി ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ ദേവാലയത്തിലെ കുടുംബ കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമായി സംസ്‌കരിച്ചു. സമാപന ശുശ്രൂഷകള്‍ക്ക് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേ, ജോഷ്വാ മാര്‍ നിക്കോദിമോസ്, എബ്രഹാം മാര്‍ സെറാഫിം, ഉമ്മന്‍ ജോര്‍ജ് തുടങ്ങിയവരും പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.

മന്ത്രി വീണാ ജോര്‍ജ്, കെ യു ജനീഷ് കുമാര്‍ എം എല്‍ എ, മുന്‍ എം എല്‍ എമാരായ ജോസഫ് എം പുതുശ്ശേരി, രാജു എബ്രഹാം, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കേരള കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ പ്രൊഫ. ഡി കെ ജോണ്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.