Kerala
കൂടല്‍ വാഹനാപകടം: മരിച്ച നാലുപേരുടെയും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി; സംസ്കാരം വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷം
മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ട | കൂടല്‍ മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നാല് പേരുടെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കാരം നടത്തും. വിദേശത്തുള്ള നിഖിലിന്റെ സഹോദരി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ എത്തിയ ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടത്തുക.
ശബരിമല സ്വദേശികള്‍ സഞ്ചരിച്ച ബസില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. നവദമ്പതികളായ നിഖില്‍, അനു, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്, അനുവിന്റെ പിതാവ് ബിജു ജോര്‍ജ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെ 4.05ഓടെയുണ്ടായ അപകടത്തില്‍ മരിച്ചത്.
മല്ലശ്ശേരി സ്വദേശികളാണ് മരണപ്പെട്ടവര്‍.
കഴിഞ്ഞ മാസം 30നാണ് നിഖിലും അനുവും തമ്മിലുള്ള വിവാഹം നടന്നത്. മലേഷ്യയില്‍ മധുവിധു ആഘോഷം കഴിഞ്ഞ് തിരിച്ചെത്തി വീട്ടിലേക്ക് മടങ്ങവേയാണ് ഇവര്‍ അപകടത്തിന് ഇരയായത്. എട്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. കാനഡയില്‍ എന്‍ജിനീയറായിരുന്നു നിഖില്‍. നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മത്തായി ഈപ്പനും ബിജു ജോര്‍ജും കാറില്‍ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. തെലങ്കാന സ്വദേശികളായ തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തില്‍ മാരുതി സ്വിഫ്റ്റ് കാര്‍ പൂര്‍ണമായി തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.