Connect with us

koodathai case

കൂടത്തായി കേസ്: വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ജോളിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാര്‍ഡിവാല എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | കൊലപാതക പരമ്പര നടന്ന കൂടത്തായി കേസിലെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ നിര്‍ത്തിവെയ്ക്കണമെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യപ്രതി ജോളിയാണു കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാര്‍ഡിവാല എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഭൂമി തര്‍ക്കമാണ് കൊലപാതക കേസായി മാറിയത്. ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ശാസ്ത്രീയമായ തെളിവുകളില്ല. അതിനാല്‍ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്നാണു ജോളിയുടെ ആവശ്യം.

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസ് വിചാരണ മാറാട് സ്പെഷല്‍ കോടതി ജഡ്ജി എസ് ആര്‍ ശ്യാംലാല്‍ മുമ്പാകെ കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. ആറാം സാക്ഷി അയല്‍വാസിയായ മുഹമ്മദ് എന്ന ബാവയുടെ എതിര്‍വിസ്താരമാണ് നടന്നത്. ജോളിയെപ്പറ്റി എല്ലാ കാര്യങ്ങളും റോയ് തന്നോട് പങ്കുവെക്കാറുണ്ടായിരുന്നു എന്ന പ്രതിഭാഗം വാദം ബാവ നിഷേധിച്ചിരുന്നു.

റോയ് തോമസിന്റെയും സഹോദരങ്ങളുടെയും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അന്നമ്മ തോമസ് തന്നെ ചുമതലപ്പെടുത്തിയിരുന്നില്ല എന്നാണ് ബാവ മൊഴി നല്‍കിയത്. താനും റോയിയും പാര്‍ട്ണര്‍ഷിപ് ബിസിനസ് നടത്തിയിരുന്നു. തങ്ങളുടെ കടയില്‍ പോലീസ് റെയ്ഡ് ചെയ്തിട്ടില്ല. അതുകൊണ്ടാണ് പങ്കുകച്ചവടത്തില്‍ നിന്ന് ഒഴിവായത് എന്നുപറഞ്ഞാല്‍ ശരിയല്ല. വിവാഹം കഴിഞ്ഞതുമുതല്‍ ജോളിയെ അറിയാം. മനസമ്മതത്തിന് താന്‍ കട്ടപ്പന പോയിട്ടുണ്ടെന്നും മൊഴി നല്‍കിയിരുന്നു.